ചോർന്നൊലിച്ച് തൊടുപുഴ ഡിപ്പോ; ബസിൽ കയറാൻ പെടാപ്പാട്
തൊടുപുഴ: മഴ എത്തിയതോടെ കോടികള്‍ ചെലവഴിച്ച് പണിത കെ.എസ്.ആര്‍.ടി.സി ഡിപ്പോ ചോര്‍ന്നൊലിക്കുന്നു. കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് വിവിധ ഇടങ്ങളില്‍ ചോര്‍ന്നൊലിക്കുന്നത്. നാല് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ പലഭാഗത്തും വെള്ളം ഒലിച്ചിറങ്ങുകയാണ്. ഏറ്റവും മുകള്‍നിലയുടെ ഹാളില്‍ നടുവിലായാണ് വെള്ളം കിടക്കുന്നത്.
ഒഴുകി താഴേനിലയില്‍ വരെ എത്തുന്നുണ്ട്. ഇത് കെട്ടിടത്തിന്‍റെ ബലക്ഷയത്തിനുവരെ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും ഭിത്തിയും വാര്‍ക്കയുടെ ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. 2013 ജനുവരി 10നാണ് ആധുനിക രീതിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം ആരംഭിച്ചതെങ്കിലും പല കാരണങ്ങള്‍കൊണ്ട് പണിയും ഉദ്ഘാടനവും വൈകി.
ഒടുവില്‍ ഒരുവര്‍ഷം മുമ്ബാണ് ഡിപ്പോ തുറന്നുനല്‍കിയത്. കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും തുടര്‍പണി പൂര്‍ത്തീകരിക്കാൻ കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഡിപ്പോയുടെ രണ്ടാംനിലയിലുള്ള ശുചിമുറിയില്‍നിന്നുള്ള മാലിന്യവും പുറത്തേക്ക് ഒഴുകുന്നതായി ആക്ഷേപമുണ്ട്. പലയിടത്തും മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. ഇതുകൂടാതെ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിടുന്ന സ്ഥലത്തും മഴപെയ്താല്‍ വെള്ളം ഉയരും. ഇവിടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഇല്ലാത്തതാണ് കാരണം. വെള്ളക്കെട്ടിലൂടെ ബസില്‍ കയറാൻ പ്രയാസപ്പെടുന്ന സാഹചര്യവുമാണ്.