സേവനത്തിന് സല്യൂട്ട് ; ജെനിക്ക് ഇനി വിശ്രമ ജീവിതം, കെ9 സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനിക്ക് യാത്രയയപ്പ് നല്‍കി
ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് 10 വയസ്സുകാരി ജെനി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പ്രമാദമായ നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇടുക്കി കെ നയന്‍ ഡോഗ് സ്‌ക്വാഡിലെ ഡോഗ് ജെനിക്ക് ഇനി വിശ്രമ ജീവിതം. ജെനിയുടെ വിരമിക്കല്‍ ചടങ്ങുകള്‍ ഡോഗ് സ്‌ക്വാഡില്‍ നടന്നു. സര്‍വ്വീസില്‍ നിന്നും റിട്ടയറായ ശേഷം പരിപാലിക്കുന്നതിനായി ജെനിയുടെ ഹാന്റലറായ ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സാബു പി.സി വകുപ്പുതല അനുവാദത്തോടെ ഇടുക്കി ജില്ലാപോലീസ് മേധാവി വി.യു കുര്യാക്കോസില്‍ നിന്നും ജെനിയെ ഏറ്റുവാങ്ങി. ഇനി എ.എസ്.ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടില്‍ ആകും ജെനി വിശ്രമജീവിതം നയിക്കുക.
2014-2015 വര്‍ഷത്തില്‍ ത്രിശൂര്‍, കേരളാ പോലീസ് അക്കാദമിയില്‍ നിന്നും പ്രാഥമിക പരിശീലനം പൂര്‍ത്തീകരിച്ച ജെനി 2015 ജനുവരി മുതല്‍ 2023 ജൂലൈ വരെ ഇടുക്കി ജില്ലയില്‍ സേവനം ചെയ്തു. 2015 വര്‍ഷത്തില്‍ അടിമാലിയില്‍ നടന്ന പ്രമാദമായ രാജധാനി കൊലക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ ജെനി നിര്‍ണ്ണായക പങ്ക് വഹിച്ചു. നിരവധി കൊലപാതകം, വ്യക്തികളെ കാണാതെ പോകല്‍, മോഷണം തുടങ്ങിയ കേസുകളില്‍ തെളിവുകളുണ്ടാക്കി. 2019 തില്‍ ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ പുത്തടി എന്ന സ്ഥലത്തു റിജോഷ് എന്നയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരിശോധനക്കായി എത്തിയ ജെനി രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച് ഒരു സ്ഥലം കാണിച്ചുകൊടുക്കുകയും അവിടെ കാണാതായ റിജോയുടെ മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയും കേവലം മിസ്സിംഗ് കേസില്‍ ഒതുങ്ങിപ്പോകാമായിരുന്ന ഒരു കേസ് കൊലപാതക കേസ് തെളിയിക്കാനും ജെനി കാരണമായി. കരിമണ്ണൂര്‍ സ്റ്റേഷന്‍ പരിധിയിലെ കൊലക്കേസ് പ്രതി ഒളിച്ചിരുന്ന സ്ഥലം ദുര്‍ഘടമായ പാറക്കെട്ടുകളിലുടെ സഞ്ചരിച്ച് കാണിച്ചുകൊടുക്കുകയും, 2020ല്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും നിര്‍ണ്ണായകമായ സേവനങ്ങള്‍ ജെനി നല്‍കുകയുണ്ടായി.
ആദ്യമായാണ് ജില്ലയില്‍ വച്ച് ഒരു ഡോഗിന്റെ റിട്ടയര്‍മെന്റ് ചടങ്ങ് നടക്കുന്നത് . പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജെനിക്ക് ഗംഭീര യാത്രയയപ്പാണ് ജില്ലയില്‍ ഒരുക്കിയത്. ഡോഗ് സ്‌ക്വാഡില്‍ നിന്ന് വിരമിക്കുന്ന നായകളെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ ഒരുക്കിയിട്ടുള്ള വിശ്രാന്തി ഹോമിലേക്കാണ് കൊണ്ട് പോകാറ് എന്നാല്‍ സാബുവിന്റെ അപേക്ഷ പ്രകാരം ജെനിയെ സാബുവിനൊപ്പം അയക്കുകയായിരുന്നു.
സേനയില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന് നല്‍കുന്ന എല്ലാ ബഹുമതിയും നല്‍കിയാണ് ജെനിയേയും വിശ്രമ ജീവിതത്തിലേക്ക് വിടുന്നത്. യൂണിഫോമിലെത്തിയ ജെനിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് മാലയിട്ട് സ്വീകരിച്ചു. നാര്‍കോട്ടിക്‌സെല്‍ ഡിവൈ.എസ്.പി മാത്യു ജോര്‍ജ്ജ് , ഇടുക്കി സര്‍ക്കിള്‍ സതീഷ് കുമാര്‍, എ.എസ്.ഐ ഇന്‍ ചാര്‍ജ് ജമാല്‍, കെ.നയന്‍ ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ്ജ് ഓഫിസര്‍ റോയി തോമസ് തുടങ്ങി ഡോഗ് സ്‌ക്വാഡിലെ സേനാ അംഗങ്ങളും ചേര്‍ന്നാണ് ജെനിയെ യാത്രയാക്കിയത്. പോലീസ് സേനയില്‍ നിന്നും ലഭിച്ച അവസാന സലൂട്ട് സ്വീകരിച്ച് ഹാന്റ്‌ലര്‍ സാബുവിനൊപ്പം ജെനി സര്‍വ്വീസില്‍ നിന്നും പടിയിറങ്ങി.