ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കറുപ്പന്‍കോളനി സ്വദേശി വനരാജിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഒടിഞ്ഞ ഇലക്‌ട്രിക് പോസ്റ്റ് വീണ് തൊട്ടടുത്ത വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് കാറ്റാടി മരമാണ് കടപുഴകി വീണത്. വനരാജിന്റെ ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്കാണ് മരം വീണത്. ഇതിനെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. പക്ഷേ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല.
അതേസമയം ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്നായിരുന്നു മുന്നേ ഉള്ള അറിയിപ്പ്. എന്നാല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.