പ്രപഞ്ചത്തിന്റെ ചെറുപ്പകാലത്ത് സമയം നീങ്ങിയിരുന്നത് അഞ്ച് മടങ്ങ് സാവധാനത്തില്‍; രസകരമായ ഒരു പഠനം


സമയം നീങ്ങുന്നത് എപ്പോഴും ഒരേ വേഗതയിലായിരിക്കുമോ? വിഡിയോ ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചതുപോലെ സമയത്തിന്റെ വേഗത കൂടാനും സ്ലോ മോഷന്‍ സിനിമാ സീന്‍ പോലെ സമയം ഇഴങ്ങാനും സാധ്യതയുണ്ടോ? ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും പ്രപഞ്ചം ചെറുപ്പമായിരുന്നപ്പോള്‍ സമയം കുറച്ചുകൂടി ഇഴഞ്ഞാണ് നീങ്ങിയിരുന്നതെന്ന് സൂചിപ്പിക്കുകയാണ് ഒരു പഠനം. പ്രപഞ്ചത്തിന് വെറും 100 കോടി വര്‍ഷം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് സമയം നീങ്ങിയിരുന്നത് ഇന്നത്തേതിനേക്കാള്‍ അഞ്ച് മടങ്ങ് കുറഞ്ഞ വേഗത്തിലായിരുന്നെന്നാണ് നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. മഹാവിസ്‌ഫോടനത്തിന് ശേഷം രൂപം കൊണ്ട പ്രപഞ്ചം ചെറുപ്പമായിരുന്നപ്പോള്‍ വസ്തുക്കള്‍ ചലിച്ചിരുന്നത് സ്ലോ മോഷനിലായിരുന്നുവെന്ന് വിശദീകരിക്കുകയാണ് പഠനം. ക്വാസാര്‍സ് എന്ന ബ്ലാക്ക്‌ഹോളിനെ നിരീക്ഷിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. നേച്ചര്‍ മാസികയില്‍ ജെറായിന്റ് എഫ് ലെവിസും ബ്രെന്‍ഡണ്‍ ജെ ബ്രൂവറും ചേര്‍ന്ന് തയാറാക്കി പ്രസിദ്ധീകരിച്ച പഠനത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്. സൂപ്പര്‍ നോവകളെ കോസ്മിക് ക്ലോക്കുകളായി ഉപയോഗിച്ചാണ് പ്രപഞ്ചത്തില്‍ സമയത്തിന്റെ വേഗതയുടെ ഏറ്റക്കുറിച്ചിലുകളെക്കുറിച്ച് പഠനങ്ങള്‍ നടന്നത്. പ്രപഞ്ചത്തിന് ഇപ്പോഴുള്ളതിന്റെ പകുതി വയസ് മാത്രമുണ്ടായിരുന്നപ്പോള്‍ സമയം നീങ്ങിയിരുന്നത് ഇപ്പോഴുള്ളതിന്റെ രണ്ട് മടങ്ങ് കുറഞ്ഞ വേഗതയിലായിരുന്നെന്ന് മുന്‍പ് പുറത്തുവന്ന പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. എങ്ങനെയാണ് സമയത്തിന്റെ ഗതിവേഗം കൂടുകയും കുറയുകയുമൊക്കെ ചെയ്യുന്നതെന്ന് സ്വാഭാവികമായും സംശയം തോന്നാം. പ്രപഞ്ചം വികസിക്കുന്നതിന്റെ ഫലമായാണ് ഇതിന് മാറ്റം വരുന്നത്. അക്കാലത്ത് നിന്ന് ചിന്തിച്ചാല്‍ എല്ലാം നോര്‍മലായി തോന്നാമെങ്കിലും ഇന്ന് നമ്മള്‍ പ്രപഞ്ചത്തിന്റെ ചെറുപ്പകാലത്തേക്കുറിച്ച് ചിന്തിച്ചാല്‍ നമ്മുക്ക് സമയം പയ്യെയാണെന്നാണ് തോന്നുക. അതായത് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം കൂടി ശരിവച്ച് പറഞ്ഞാല്‍ നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് ആപേക്ഷികമായി അന്നത്തെ സമയം അഞ്ച് മടങ്ങ് പയ്യെയായാണ് നമ്മുക്ക് ഇപ്പോള്‍ തോന്നുക എന്ന് ചുരുക്കം. പ്രപഞ്ചം വികസിക്കുന്നതോടെ വസ്തുക്കളില്‍ നിന്ന് പ്രകാശം പ്രതിഫലിച്ചെത്താനുള്ള സമയം വ്യത്യാസപ്പെടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. സ്‌പേസും സമയവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് അരക്കിട്ട് ഉറപ്പിക്കുക കൂടിയാണ് നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം.