സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് ;അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായിമാറും. ഇത് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കനത്ത മഴ ഉണ്ടായേക്കും. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായിമാറും. ഇത് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും.
മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള, കർണാടക, ഗോവ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കും. ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണുള്ളത്. കേരള തീരങ്ങളിൽ ശക്തമായ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യം നേരിടാൻ രണ്ട് എൻഡിആർഎഫ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ടീമുകൾ കൂടി ഇന്നെത്തും.