കോവിഡ് കാലത്ത് പേടി വേണ്ട; ഡോക്ടേഴ്സ് ഡെസ്ക് ഉണ്ടല്ലോ
തൊടുപുഴ ∙ സേവനം തുടങ്ങി 2 ദിവസത്തിനുള്ളിൽ തന്നെ എംബിടി– നന്മ ഡോക്ടേഴ്സ് ഡെസ്കിൽ എത്തിയത് നൂറിലധികം വിളികൾ. അതിലേറെയും ക്വാറന്റീനിൽ കഴിയുന്നരുടേത്. വിവിധ സ്പെഷ്യൽറ്റികളിൽ നിന്നായി 150ൽപരം ഡോക്ടർമാരുടെയും സൈക്കോളജിസ്റ്റുമാരുടെയും സന്നദ്ധ സേവനം ഉറപ്പാക്കി തുടങ്ങിയ ഈ സേവനം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
2006 മുതൽ കേരളത്തിൽ വിവിധ സാമൂഹിക പദ്ധതികൾ വിജയകരമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സംരംഭമാണ് മിഷൻ ബെറ്റർ ടുമോറോ (എംബിടി)–നന്മ. ഐജി പി. വിജയന്റെ പ്രവർത്തനങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രവർത്തനം. കോവിഡ് കാലത്ത് വിവിധ ജീവകാരുണ്യ പദ്ധതികൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നുണ്ട്.
കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന രോഗികൾക്ക് മെഡിക്കൽ നിർദേശങ്ങൾ നൽകുന്നതിനാണ് എംബിടി–നന്മ ഡോക്ടേഴ്സ് ഡെസ്ക് ആരംഭിച്ചത്. ഡോക്ടേഴ്സ് ഡെസ്ക് നമ്പറുകളിലേക്ക് വിളിക്കുന്നയാൾക്ക് ഡോക്ടറോട് സംശയങ്ങൾ ചോദിക്കാം. വിളിക്കുന്നവരുടെ പ്രശ്നങ്ങൾ പ്രത്യേകം രേഖപ്പെടുത്തി വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ പരിഹാരം നിർദേശിക്കും. രോഗികളുടെ വൈകാരിക പ്രശ്നങ്ങളിലും വിദഗ്ധ സഹായം ഉറപ്പാക്കും. ഈ സേവനം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ 6 വരെ ലഭ്യമാണ്.