ഒഡീഷയിൽ വൻ വാഹനാപകടം: രണ്ട് ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു


ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ വൻ വാഹനാപകടം. രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ബസും പബ്ലിക് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെർഹാംപൂർ-തപ്തപാനി റോഡിൽ ദിഗപഹണ്ടി മേഖലയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ആളുകൾ മടങ്ങുകയായിരുന്ന ബസും പബ്ലിക് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബെർഹാംപൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ദിഗപഹന്ദിക്ക് സമീപമുള്ള ഖണ്ഡദൂലിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേരും ബന്ധുക്കളുമടക്കം 12 പേർ മരിച്ചു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പരിക്കേറ്റ ഓരോ വ്യക്തിക്കും ചികിത്സയ്ക്കായി പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ 30,000 രൂപ അനുവദിച്ചു.