യോഗയിലൂടെ ലോകത്തെ ഒന്നാക്കുന്ന നേതാവാണ് മോദിയെന്ന് ബിജെപി നേതാക്കൾ
കട്ടപ്പന :യോഗ എന്നാൽ കൂടിച്ചേരൽ എന്നാണ് അർത്ഥം.യോഗയിലൂടെ ലോകത്തെ യോജിപ്പിക്കുന്ന നേതാവാണ് നരേന്ദ്രമോദി.ആത്മീയവും ഭൗതികവുമായ ഒരു സമഗ്ര ജീവിത പദ്ധതി തന്നെയാണ് യോഗ. ഭാരതം ലോകത്തിന് സമ്മാനിച്ച ഒരു ശാസ്ത്ര ശാഖയായി തന്നെ യോഗയെ കണക്കാക്കാം. ലോകം നേരിടുന്ന പല വിഷയങ്ങൾക്കും ഒരു പരിഹാരം കൂടിയാണ് യോഗ. മതങ്ങൾക്ക് അപ്പുറത്തേക്ക് മനുഷ്യനെയും ലോകത്തെയും ഒന്നാക്കാൻ യോഗയ്ക്ക് സാധിക്കും. മതങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് ഭാരതത്തിൽ ശാസ്ത്രീയമായി യോഗ ആചരിച്ചിരുന്നു. അന്താരാഷ്ട്ര യോഗ ദിനം ലോകം ആചരിക്കുന്നത് നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ 9 വർഷങ്ങളിലെ ഭരണ നേട്ടങ്ങളിൽ ഒന്നു കൂടിയാണ്.
2014 ൽ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുമ്പോൾ ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കണം എന്ന ആവശ്യം മുന്നോട്ടുവച്ചു. ഡിസംബർ 11ന് യു എൻ ജനറൽ അസംബ്ലി ഇത് അംഗീകരിച്ചു. അങ്ങനെ 2015 ജൂൺ 21ന് ആദ്യത്തെ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.9 വർഷങ്ങൾ പൂർത്തിയാകുമ്പോൾ 2023 ജൂൺ 21 ആം തീയതി യു എൻ ആസ്ഥാനത്ത് നടക്കുന്ന ലോക നേതാക്കൾ പങ്കെടുക്കുന്ന യോഗ ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്നത് ഭാരതത്തിൻറെ പ്രധാനമന്ത്രിയാണ് . എന്നും ബിജെപി നേതാക്കൾ പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിൻറെ ഒമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു.
കട്ടപ്പന ജെസിഎസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, മണ്ഡലം ജനറൽ സെക്രട്ടറി പി എൻ പ്രസാദ്, കർഷക മേർച്ച ജില്ല പ്രസിഡണ്ട് കെ എൻ പ്രകാശ് നേതാക്കളായ എം എൻ മോഹൻദാസ് , മുഹമ്മദ് ഷാജി ,രാഹുൽ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.