ചിന്നക്കനാലിൽ മുഴങ്ങുന്നത് ഇടുക്കി ജില്ലയുടെ മരണമണിയാണെന്ന് KSC(M) ഇടുക്കി ജില്ലാ പ്രസിഡന്റ് ആകാശ് മാത്യു ഇടത്തിപറമ്പിൽ


ചിന്നക്കനാൽ വില്ലേജിലെ, മാധ്യമ ഭാഷയിൽ പറഞ്ഞാൽ അരി കൊമ്പന്റെ വികാരഭൂമിയിലെ പുതിയ മാറ്റങ്ങൾ ഇടുക്കി ജില്ലയുടെ മരണ മണിയാണ്. പട്ടയമില്ലാത്ത ഒട്ടനേകം കൈവശ ഭൂമികൾ ഉള്ള നാടാണ് ഇടുക്കി, കുടിയേറ്റ കാലഘട്ടത്തിൽ മറ്റെല്ലാവരും നഗരങ്ങളുടെ സുരക്ഷിതത്വത്തിൽ ഒളിച്ചപ്പോൾ , തന്റേടം മാത്രം കൈമുതലാക്കി മലയോട് മല്ലടിച്ച, മലനാട് വെട്ടിപ്പിടിച്ച് പൊന്നു വിളയിച്ച മലയോര കർഷകന്റെ ജീവിതത്തിന്റെ സംസ്കാരത്തിന്റെ ഒക്കെ മരണ മണിയാണ് ഇപ്പോൾ നാം ചിന്നക്കനാലിൽ കേൾക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സ്വന്തം ഭൂമി റിസർവ് വനമായി തീർന്ന പ്രത്യേക പ്രതിഭാസം.
ഇന്ന് മൗനമായിരുന്നാൽ നാളെ കുടിയേറ്റ മണ്ണിൽ എല്ലാ കൈവശഭൂമികൾക്കും ഈ അവസ്ഥ വരാൻ അധികം സമയം വേണ്ടി വരില്ല. പട്ടയം ഉള്ളവരും സുരക്ഷിതരല്ല ഇടകലർന്നുകിടക്കുന്ന പട്ടയം ഉള്ളതും ഇല്ലാത്തതുമായ ഭൂമികളിൽ കൈവശഭൂമികളെല്ലാം റിസർവ് വനമായി തീർന്നാൽ ഇതു മൂലം ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളും, വന്യമൃഗ ശല്യവും ഈ നാടിനെ ശവപ്പറമ്പ് ആക്കി മാറ്റും .
നാളെകളിൽ കുടിയേറ്റക്കാരുടെ സംസ്കാരം പേറുന്ന ഒരു ഭൂമിക തന്നെ ഈ ഭൂലോകത്തിൽ നിന്ന് ഇല്ലാതാകും. നമ്മുടെ പൂർവികന്മാർ ചോരയും നീരും സ്വപ്നങ്ങളും നൽകി താലോലിച്ച നമ്മുടെ ഭൂമി നമുക്ക് നഷ്ടപ്പെട്ടുപോകും. ചോര നീരാക്കി വിയർത്ത് അധ്വാനിച്ച് കെട്ടിപ്പൊക്കിയ കിഴക്കൻ മലയോരം ശിഥിലമായി തീരും.
അതിനു മുൻപേ നമുക്കൊന്നിക്കാം, നമ്മുടെ നാടിൻറെ നന്മയ്ക്ക് വേണ്ടി, ഇന്ന് നടക്കുന്നത് കേവലം ചിന്നക്കനാലിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, കയ്യേറ്റക്കാരൻ എന്ന വ്യാജേന നാളെ നമ്മളെയും ഇറക്കി വിടാൻ അധികാര കേന്ദ്രങ്ങൾ നമ്മുടെ മുറ്റത്ത് വരും. അതിനു മുൻപ് ജനിച്ചു വളർന്ന നമ്മുടെ നാട് ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് ചിലക്കനല്ലേ ജനത്തോടൊപ്പം നമുക്കും സമരഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാം.