സാഗീ പദ്ധതിയിലേക്ക് കരുണാപുരം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു


സൻസദ് ആദര്‍ശ് ഗ്രാമ യോജന (സാഗീ) പദ്ധതിയിലേക്ക് ഇടുക്കി ജില്ലയിലെ കരുണാപുരം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. ക്യഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി ,ഉപജീവനമാര്‍ഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിൻ്റെ സംയോജിത വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.ഓരോ വര്‍ഷവും ഓരോ പഞ്ചായത്തിനെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. 2023- 24 ല്‍ എം പി ഡീൻ കുര്യക്കോസിന്റെ നിര്‍ദേശപ്രകാരം കരുണാപുരം പഞ്ചായത്തിനെ മാത്രമാണ് ഇടുക്കി ജില്ലയില്‍ നിന്നും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടത്തിപ്പില്‍ ഉള്‍പെടുത്തേണ്ട നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി പഞ്ചായത്ത് തല ആലോചനയോഗം ചേര്‍ന്നു.കരുണാപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മിനി പ്രിൻസ് അധ്യക്ഷത വഹിച്ചു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ദിലീപ് എം കെ, പഞ്ചായത്ത് ജനപ്രതിനിധികളായ പി ആര്‍ ബിനു, മാത്തുക്കുട്ടി, ശോഭനമ്മ ഗോപിനാഥൻ, റാബി സിദ്ദിഖ്, പഞ്ചായത്തംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍, കൃഷി ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയ പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.