ആദിയും അന്തവുമില്ലാതെ വനാന്തരത്തിലൊരു പാലം
മൂന്നാര്‍: രണ്ടറ്റവും നിലം തൊടാതെ വര്‍ഷങ്ങളായി ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുകയാണ് ഇടമലക്കുടി വനാന്തര പാതയിലെ ഈ പാലം. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് നീക്കിവെച്ചിരിക്കുന്ന ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് വനപാതയില്‍ ഇഡലിപ്പാറക്ക് സമീപം നിര്‍മിച്ച ഈ കോണ്‍ക്രീറ്റ് പാലം. ഇടമലക്കുടി സമഗ്ര വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ അരുവിക്ക് കുറുകെ 2014ല്‍ പാലം നിര്‍മിച്ചത്. വനം വകുപ്പിനായിരുന്നു നിര്‍മാണ നിര്‍വഹണച്ചുമതല. കരാര്‍തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ഉടക്കി കരാറുകാരൻ പണി പാതിവഴിയില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു. കോണ്‍ക്രീറ്റ് തൂണുകളില്‍ പാലം വാര്‍ത്തെങ്കിലും അപ്രോച് റോഡ് നിര്‍മിച്ച് ഇരുവശവും ബന്ധിപ്പിച്ചില്ല. അതുകൊണ്ടുതന്നെ വനമധ്യത്തില്‍ രണ്ട് തൂണിലായി രണ്ടറ്റവും മുട്ടാതെ ഒമ്ബതുവര്‍ഷമായി ഈ പാലം നില്‍ക്കുന്നു. ഊരുകളിലേക്കുള്ള ജീപ്പുകള്‍ ഇവിടെ അരുവിയിലൂടെ ചാടിച്ചാണ് കടന്നുപോകുന്നത്. മഴക്കാലത്ത് കുത്തൊഴുക്ക് ഉണ്ടാവുമെന്നതിനാല്‍ ജീപ്പ് യാത്രയും അസാധ്യമായി ഊരുകള്‍ ഒറ്റപ്പെടും.
നിലവില്‍ ഇടമലക്കുടി റോഡ് കോണ്‍ക്രീറ്റിങിന് 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത്തവണയെങ്കിലും പാലം രണ്ടറ്റവും നിലം തൊടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി.