കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് കടക്കെണിയിലായ സാധാരണക്കാരെ കെണിയിലാക്കാന്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വീണ്ടും സജീവം

സോഷ്യല്‍ മീഡിയകള്‍ വഴി ഇരകളെ തേടുന്ന ലോണ്‍ ആപ്പുകളില്‍ അകപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ആപ്പുകളുടെ പിടിയില്‍പെട്ട് പണവും മാനവും നഷ്ടപ്പെടുന്ന നിരവധി പേരാണ് ഇപ്പോള്‍ പരാതിയുമായി പോലീസിനെയും സൈബര്‍ സെല്ലിനെയും അനുദിനം സമീപിച്ചു കൊണ്ടിരിക്കുന്നത്.
ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയാണ് ഇത്തരത്തിലുള്ള ആപ്പുകള്‍ ആളുകളെ തിരയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഫോണില്‍ നിന്നും ഇത്തരം ഇടപാട് നടത്തുന്ന ആപ്പുകളില്‍ നിന്നും ശേഖരിച്ച് ഇവരെ തെരഞ്ഞാണ് ഇത്തരം പരസ്യങ്ങള്‍ ഫോണുകളില്‍ എത്തുന്നത്.
മൂന്നോ, നാലോ നടപടിയിലൂടെ അക്കൗണ്ടില്‍ പണം എത്തുമെന്നതാണ് ഇവര്‍ നല്‍കുന്ന മോഹന വാഗ്ദാനം. കടക്കെണിയില്‍ അകപ്പെട്ട് നില്‍ക്കുന്നവരോ, പണത്തിന് അത്യാവശ്യമുള്ളവരോ ഈ പരസ്യം കാണുന്നതോടെ ഇതില്‍ ആകൃഷ്ടരാകും. ബാങ്കില്‍ രേഖകളുമായി കയറിയിറങ്ങുന്ന സമയമൊന്നും ഇത്തരം ആപ്പുകള്‍ക്ക് വേണ്ട.
പരസ്യത്തില്‍ കാണുന്ന ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ ആപ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാനുള്ള ഓപ്ഷനിലേക്കാണ് നീങ്ങുന്നത്. ചില പരസ്യങ്ങളില്‍ അവരുടെ ഓണ്‍ലൈന്‍ ലൈറ്റിലേക്കായിരിക്കും ലിങ്ക് തുറക്കുന്നത്. ആപ് ഇന്‍സ്റ്റോള്‍ ആകുന്നതോടെ നമ്മുടെ ഫോണിലെ എല്ലാ വിവരങ്ങളും കമ്പനിക്ക് ശേഖരിക്കാന്‍ സാധിക്കും. ആധാര്‍, പാന്‍ നമ്പര്‍, മേല്‍വിലാസം എന്നിവ നല്‍കുമ്പോള്‍ തന്നെ പണം അക്കൗണ്ടിലേക്ക് എത്തുന്നതാണ് രീതി.
എന്നാല്‍ തിരിച്ചടവ് തുടങ്ങുമ്പോള്‍ പലിശ ഉയര്‍ത്തി ഇ.എം.ഐയില്‍ വന്‍ വര്‍ധനവുണ്ടാക്കും. തിരിച്ചടവ് ദിവസം ഒരു മണിക്കൂര്‍ മാറിയാല്‍ പോലും വലിയ തുക പലിശ നല്‍കേണ്ടതായി വരും. ആരാണെന്നോ, എവിടെയുള്ള കമ്പനിയാണെന്നോ അറിയാതെയാണ് ഇത്തരം ആപ്പുകളില്‍ നിന്നും സൈറ്റുകളില്‍ നിന്നും ആളുകള്‍ പണം ലോണായി വാങ്ങുന്നത്.
തിരിച്ചടവ് മുടങ്ങുകയോ, അമിതമായി ആവശ്യപ്പെടുന്ന പണം നല്‍കാതിരിക്കുകയോ ചെയ്താല്‍ സൈബര്‍ ലോകത്ത് ഇടപാടുകാരെ മാനം കെടുത്തുന്നതാണ് ഇവരുടെ ഒരു രീതി. സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ഇടപാടുകാരുടെ നഗ്ന ചിത്രങ്ങളോ, വീഡിയോകളോ തയാറാക്കി അയച്ചു കൊടുക്കുക, സോഷ്യല്‍ മീഡിയ ഐഡി ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം അയക്കുക തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്.
ഒപ്പം സിബില്‍ സ്‌കോര്‍ അടക്കമുള്ളവയെ ദോഷമായി ബാധിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇടപാടുകാര്‍ക്ക് മറ്റൊരു സാമ്പത്തിക ഇടപാടും നടത്താന്‍ കഴിയാത്ത തരത്തില്‍ പൂട്ട് വീഴുകയും ചെയ്യും.
പണവും മാനവും നഷ്ടപ്പെട്ട് പലരും പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാറുണ്ടെങ്കിലും ഇത്തരം ആപ്പുകളുടെ പിമ്പിലുള്ളവരെ കണ്ടെത്താന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം.
ഏതാനും പേരെ കമ്പളിപ്പിച്ച് കഴിയുന്നതോടെ ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും തന്നെ അപ്രത്യക്ഷമാകും. ഇതോടെ ഇവരുടെ ഇടപാടുകള്‍ കണ്ടെത്താന്‍ സാധിക്കാതെയും വരും. ഇരകളാക്കപ്പെടുന്നവര്‍ ഇതിനോടകം കടമെടുത്ത പണത്തിന്റെ മൂന്നോ, നാലോ ഇരട്ടി പണം തിരികെ അടച്ചിട്ടുമുണ്ടാകും.









































































