300 കിലോ കീടനാശിനിയും മദ്യവുമായി രണ്ടുപേര്‍ പിടിയില്‍
കുമളി: തമിഴ്‌നാട്ടില്‍ നിന്നും വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന നിരോധിത കീടനാശിനിയും മദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. സംഭവവുമായി ബന്ധപെട്ട് ആനവിലാസം മേപ്പാറ സ്വദേശികളായ മുത്തുകുമാര്‍ (32), പ്രകാശ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. ടാറ്റാ സുമോ വാഹനവും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് മുന്നൂറ് കിലോ നിരോധിത കീടനാശിനിയായ ഫുരിടാനും രണ്ടര ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യവുമായെത്തിയ വാഹനം ചെക്ക് പോസ്റ്റില്‍ പിടികൂടിയത്. അനധികൃതമായി മദ്യം കടത്തിയതിന് അബ്കാരി നിയമപ്രകാരം കേസെടുക്കുകയും കീടനാശിനി തുടര്‍ നടപടികള്‍ക്കായി കൃഷി വകുപ്പിന് കൈമാറുകയും ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ. റോയിയുടെ നേതൃ ത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ വി.രവി, ബി.രാജ്കുമാര്‍, സജിമോന്‍ തുണ്ടത്തില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.എ.അനീഷ് എന്നിവരാണ് വാഹന പരിശോധന നടത്തിയത്.