ആരതിയുടെ ആധിക്ക് അവസാനം, ഒടുവില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന ഉത്തരവ് എത്തി
അട്ടപ്പാടി: സര്‍ക്കാര്‍ നഴ്സിംഗ് കോളേജിന്‍റെ പിടിവാശി മൂലം ആദിവാസി യുവതിക്ക് ജോലി അവസരം നഷ്ടമായ സംഭവത്തില്‍ ആരതിക്ക് നിയമന ഉത്തരവ് ലഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവാണ് ആരതിയെ തേടിയെത്തിയത്. മുൻപ് പഠിച്ച സ്ഥാപനം സർട്ടിഫിക്കറ്റുകൾ ബോണ്ട് വ്യവസ്ഥയുടെ പേരിൽ പിടിച്ചു വച്ചതോടെ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു അട്ടപ്പാടി സ്വദേശിനിയായ ആരതി.
കഴിഞ്ഞ ഡിസംബറില്‍ സംഭവം ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സംഭവം വാർത്ത ആയതോടെ ആണ് സർക്കാർ ഇടപെടലുകൾ ഉണ്ടായതും ആരതിയുടെ ആധിക്ക് പരിഹാരമായതും. കൂടെ എല്ലാവരോടും നന്ദിയെന്നാണ് നിയമന ഉത്തരവ് ലഭിച്ചതിന് പിന്നാലെ ആരതി പ്രതികരിക്കുന്നത്. ഷോളയൂർ കാരയൂരിലെ ആരതി. 2015ലാണ് പാലക്കാട് ഗവ. നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിംഗിന് ചേർന്നത്. ആറ് മാസത്തിന് ശേഷം പഠനം നിർത്തി. ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെയാണ് പഠനം മുടങ്ങിയത്. എന്നാല്‍ 50000 രൂപ ബോണ്ട് തുക നല്‍കാതെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കില്ലെന്നായിരുന്നു നഴ്സിംഗ് കോളേജിന്‍റെ നിലപാട്.