എഐ ക്യാമറ, ആദ്യദിനം ജനങ്ങളില്‍ നിന്ന് 4 കോടിയോളം പിഴിഞ്ഞത് മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെ; കെ. സുധാകരന്‍
എഐ അഴിമതി ക്യാമറയില്‍ ആദ്യം ദിനം തന്നെ 38,520 ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുകയും ജനങ്ങളില്‍നിന്ന് നാലു കോടി രൂപയോളം രൂപ (ശരാശരി 1000 രൂപ) പിരിച്ചെടുക്കുകയും ചെയ്തത് ആവശ്യത്തിന് ട്രാഫിക് സിഗ്നലുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിക്കാത്തതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇവ സ്ഥാപിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാ നാടുകളിലും ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ പിണറായി വിജയന്‍ അതു നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനാണ്. ആദ്യദിവസത്തെ കണക്കിന്റ അടിസ്ഥാനത്തില്‍ പ്രതിമാസം 115 കോടിയും പ്രതിവര്‍ഷം 1386 കോടിയും സമാഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇത് മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ വരുമാനവും ലോട്ടറി വരുമാനത്തേക്കാള്‍ കൂടുതലുമാണ്. കേരളത്തില്‍ 4.5 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളുണ്ടെന്ന് സ്വകാര്യ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അതീവരഹസ്യമായി പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മാസം പൊടുന്നനെ ഇതു നടപ്പാക്കിയിരുന്നെങ്കില്‍ പ്രതിവര്‍ഷം 16,200 കോടി രൂപ (ശരാശരി 1000 രൂപ) സമാഹരിക്കാന്‍ കഴിയുമായിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് സമരപരിപാടികളുമായി രംഗത്തുവന്നതുകൊണ്ടാണ് സര്‍ക്കാര്‍ കുറച്ച് ബോധവത്കരണ പരിപാടികളൊക്കെ നടപ്പാക്കിയത്. എന്നാല്‍ പുതുതായി ട്രാഫിക് സിഗ്നലുകളോ ബോര്‍ഡുകളോ സ്ഥാപിച്ചില്ല. അതുകൂടി ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയധികം പിഴയടക്കേണ്ടി വരില്ലായിരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസായി ട്രാഫിക് നിയമലംഘനത്തെ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍തുകയ്ക്ക് കരാര്‍ നല്കിയത്.
തകര്‍ന്നു കിടക്കുന്ന റോഡുകളും ഗുണനിലവാരമില്ലാത്ത റോഡുകളുമൊക്കെ ട്രാഫിക് ലംഘനത്തിനു കാരണമാകുന്നു. എഐ ക്യാമറ പദ്ധതിയിലെ അഴിമതിക്കെതിരേ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന് കോടതിയെ ബോധ്യപ്പെടുത്താനും സാധിക്കില്ല. എഐ ക്യാമറ പദ്ധതിയിലെ അഴിമതിക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.