എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ പ്രതിഭകളെ മലയാള മനോരമയും ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് അനുമോദിച്ചു


എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ പ്രതിഭകളെ മലയാള മനോരമയും ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് അനുമോദിച്ചു.
കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന അനുമോദന ചടങ്ങ് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥി തൻ്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്താൻ കഴിയുന്നവരാകണമെന്ന് മന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം സമൂഹത്തെയും പരിസരത്തെയും സാമൂഹ്യ പശ്ചാത്തലത്തെയും ബോധ്യപ്പെടാൻ കഴിവുകളെ വികസിപ്പിച്ചെടുക്കണം. നിലവിലുള്ള തൊഴിൽ സാധ്യതകൾ മങ്ങുമെന്നും പുതിയവ രൂപപ്പെടുമെന്നുമാണ് കണക്കുകൾ ക്കുന്നത്. പുതിയ സ്റ്റാർട്ടപ്പുകൾ ഉണ്ടാകുമ്പോൾ അവസരങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുകയും അതിനനുസരിച്ച് പഠിച്ചു വളരണം.
ജീവിതത്തിലെ യഥാർഥ വഴിത്തിരിവ് പത്താം ക്ലാസ് പരീക്ഷയ്ക്കുശേഷം എടുക്കുന്ന തീരുമാനങ്ങളാണ്. വിവിധ വിഷയങ്ങൾ പഠിച്ച് അതിൽ കഴിവ് തെളിയിച്ച് ഉപരി പഠനത്തിൻ്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന് നല്ലനിലയിലുള്ള മോട്ടിവേഷൻ ലഭിക്കേണ്ടത് ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് മോട്ടിവേഷൻ നൽകാൻ, കൃത്യതയോടെ പ്രവർത്തിക്കുന്ന മാധ്യമ രംഗത്തെ കുലപതിയായ മലയാള മനോരമയുടെ ശ്രമവും ഉന്നത വിദ്യാഭ്യസ രംഗത്ത് ശ്രേഷ്ഠമായ സംഭാവനകൾ നൽകിയ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൻ്റെ ഇടപെടലും ഏറെ സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
മലയാള മനോരമ ഡെപ്യൂട്ടി ജനറൽ മാനേജർ കുര്യൻ വി.മാത്യൂസ് സ്വാഗതം ആശംസിച്ചു. പാല ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ പി.ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. ജോബി സെബാസ്റ്റ്യൻ, പി.ശിവകുമാർ എന്നിവർ ക്ലാസ് എടുത്തു.
മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കലക്ടർ ഷീബ ജോർജ്, സബ് കലക്ടർ അരുൺ എസ്.നായർ എന്നിവർ ചേർന്ന് വിദ്യാർഥികളെ മെറിറ്റ് മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
മലയാള മനോരമ എക്സിക്യൂട്ടീവ് ജിൻസൺ സി.ജോൺ നന്ദി പറഞ്ഞു.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 1200 ഓളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.