പുരോഹിതനും, കപ്യാരും ചമഞ്ഞ് 35 ലക്ഷം രൂപ തട്ടി: രണ്ടു പേർ കൂടി അറസ്റ്റിൽ
അടിമാലി: ക്രൈസ്തവ പുരോഹിതനായി ചമഞ്ഞ് മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റിന്റെ പേരില്‍ ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം രൂപ അപഹരിച്ച് കടന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. രാജേഷിന്റെ കൈയില്‍ നിന്നും 94,500 രൂപയും രൻജിത്തില്‍ നിന്ന് 2,95,500 രൂപയും കണ്ടെടുത്തു. ഇതോടെ 11,20,000 രൂപയും 8 പവൻ സ്വര്‍ണ്ണവും വീണ്ടെടുക്കാനായി. കേസിലെ ഒന്നാം പ്രതി ആനച്ചാല്‍ മന്നാക്കുടി പാറക്കല്‍ ഷിഹാബ് (കപ്യാര്‍ 41) തൊടുപുഴ അരിക്കുഴ ലഷ്മി ഭവനില്‍ അനില്‍ വി. കൈമള്‍ (പുരോഹിതൻ 38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്. തിരുവനന്തപുരത്തെ ഹോട്ടല്‍ വ്യവസായിയും കരമന പ്രേംനഗറില്‍ കുന്നപ്പളളില്‍ ബോസിന്റെ പരാതിയിലാണ് അറസ്റ്റ്.
തട്ടിപ്പില്‍ ഏഴ് ലക്ഷം രൂപയാണ് ഷിഹാബിന് ലഭിച്ചത്. ഷിഹാബാണ് വ്യവസായിയെ കെണിയില്‍പെടുത്തി രക്ഷപ്പെടാനുള്ള രൂപരേഖ തയ്യാറാക്കിയത്. മൂന്നാറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭൂമിയും റിസോര്‍ട്ടുകളും വലിയ ലാഭത്തില്‍ കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സഭയുമായി ബന്ധമുള്ളവരാണെന്നും സഭയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചു.
പുരോഹിതനാണെന്ന് പരിചയപ്പെടുത്തി വ്യവസായിയെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. അനിലിന്റെ വാക്ക് വിശ്വസിച്ച് വ്യവസായി സ്വന്തം കാറില്‍ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയില്‍ എത്തി. ഫോണ്‍ ചെയ്തപ്പോള്‍ മൂന്നാറില്‍ നിന്ന് ആനച്ചാല്‍ വഴിക്ക് വരാൻ ആവശ്യപ്പട്ടു. ആനച്ചാലില്‍ എത്തിയപ്പോള്‍ വീണ്ടും വിളിച്ചു. ചിത്തിരപുരം സ്ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡില്‍ തന്‍റെ കപ്യാര്‍ നില്‍ക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് പ്രകാരം വ്യവസായി വെയ്റ്റിങ് ഷെഡില്‍ എത്തി. എന്നാല്‍, സ്ഥലത്തെത്തിയയാള്‍ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് തേയിലക്കാട്ടിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനിലിനെ മൈസൂരില്‍ നിന്നാണ് പിടികൂടിയത്.
പുരോഹിതനായി അഭിനയിച്ച അനില്‍ വി കൈമളിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചത് രാജേഷ് ആണ്. തട്ടിച്ചെടുത്ത തുകയില്‍ 2 ലക്ഷം രൂപയാണ് രാജേഷിന് ലഭിച്ചത്. അനിലിന്റെ സുഹൃത്താണ് രൻജിത്ത്. തട്ടിപ്പ് നടത്താൻ അനിലിന് സിം എടുത്ത് നല്‍കിയതും കര്‍ണാടകയിലേക്ക് ഒളിവില്‍ പോകാൻ വാഹനത്തില്‍ എറണാകുളത്ത് കൊണ്ടുവിട്ടതും രൻജിത്താണ്. അനിലിന് കിട്ടിയ 9 ലക്ഷം രൂപയില്‍ 4 ലക്ഷം രൂപ രൻജിത്തിന് നല്‍കിയിരുന്നു.
ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ്, ഡിവൈ.എസ്.പി ബിനു ശ്രീധര്‍, വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ സജി എൻ. പോള്‍, സി.ആര്‍. സന്തോഷ്, ടി.ടി. ബിജു, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, നിഷാദ് എന്നിവരും ഉണ്ടായിരുന്നു.