സി.ആർ.ഐ.എഫ്-സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തടിയമ്പാട് -മരിയാപുരം പാലത്തിൻറെ സ്കെച്ച് തയ്യാറായതായി ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി വാഴത്തോപ്പ്, മരിയാപുരം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട്-മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ പാലം നിർമ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സി.ആർ.ഐ.എഫ്- സേതു ബന്ധൻ പദ്ധതിയിൽ 32 കോടി രൂപ അനുവദിച്ച തടിയമ്പാട് പാലത്തിൻറെ സ്ക്കെച്ചും അലൈൻമെന്റും തയ്യാറായതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. വാഴത്തോപ്പ് -മരിയാപുരം പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പ്രദേശ വാസികൾ എന്നിവരുമായി ചർച്ച നടത്തി ഏകകണ്ഠമായാണ് അലൈൻമെന്റ് ധാരണയായത്. ഇതേതുടർന്ന് ദേശിയപാതാ വിഭാഗം തയ്യാറാക്കിയ സ്കെച്ച് പ്രകാരം 240 മീറ്റർ നീളത്തിലാണ് പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
നിർദ്ധിഷ്ട പദ്ധതി നടപ്പിലാക്കുന്ന പ്രദേശം എം.പി. നേരിൽ സന്ദർശിച്ചു. എം.പിയോടൊപ്പം നാഷണൽ ഹൈവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. റെക്സ്, അസിസ്റ്റന്റ് എഞ്ചിനീയർ റിജിൻ, അർജുൻ, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇവിടെ നിലവിലുള്ള പാലം 2018-ലെ പ്രകൃതിക്ഷോഭത്തിൽ തകർന്നു പോയിരുന്നു. തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് 2 പഞ്ചായത്തുകൾ തമ്മിൽ ഗതാഗതം പുന:സ്ഥാപിച്ചത്. പിന്നീട് എല്ലാ മഴക്കാലത്തും ചപ്പാത്ത് തകരുന്നത് തുടർക്കഥയായപ്പോൾ പുതിയ പാലം സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് പ്രോജക്ട് തയ്യാറാക്കുന്നതിന് 17.10.2022-ന് എം.പി. പി.ഡബ്ലിയു.ഡി. (ദേശിയപാത വിഭാഗം) ചീഫ് എഞ്ചിനീയർക്ക് കത്ത് നൽകുകയായിരുന്നു. തുടർന്ന് പ്രോജക്ട് റിപ്പോർട്ട് കേന്ദ ഉപരിതല മന്ത്രാലത്തിൽ എത്തിയപ്പോൾ 23.12.2023 ന് എം.പി. കേന്ദ്ര ഉപരിതല ഗതാഗത മന്തി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അനുമതി വാങ്ങുകയായിരുന്നു.