ലക്ഷങ്ങള്‍ മുടക്കി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ റോഡിന്റെ ഒത്ത നടുക്ക് പതിനെട്ട് വൈദ്യുതി പോസ്റ്റുകള്‍. ഇടുക്കി നെടുങ്കണ്ടത്താണ് ഈ വിചിത്ര കാഴ്ച്ച.
പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളുടെ അനാസ്ഥയാണ് കുത്തുങ്കൽ–മൈലാടുംപാറ റോഡിലെ ഈ തലതിരിഞ്ഞ പ്രവര്‍ത്തിക്ക് കാരണം.
റോഡ് നിര്‍മാണം തുടങ്ങിയപ്പോള്‍ ഇവിടുത്തെ നാട്ടുകാരൊന്നാശ്വസിച്ചു. യാത്ര ദുരിതത്തിന് പരിഹാരമാകുമെല്ലോയെന്നോര്‍ത്ത്. റോഡ് നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. പക്ഷെ ഇപ്പോള്‍ റോഡ് ഏത് പോസ്റ്റേത് എന്ന് പറയാനാകാതെ പോസ്റ്റായി നില്‍കുകയാണ് നാട്ടുകാര്‍. നെടുങ്കണ്ടത്തെ മൂന്നാറുമായി
കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലയോര ഹൈവേയുടെ ഭാഗമാക്കി ബി. എം. ബി. സി നിലവാരത്തിൽ റോഡ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ പിഡബ്ല്യൂഡി, കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ വടംവലി കാരണം നാട്ടുകാരുടെ തടി കേടാകുമെന്ന സ്ഥിതിയാണിപ്പോള്‍.
പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാൻ പലതവണ കെ എസ് ഇ ബിയെ സമീപിച്ചിട്ടും മാറ്റുന്നില്ലന്നാണ് പിഡബ്ല്യുഡിയുടെ വാദം. മാറ്റി സ്ഥാപിക്കുവാനുള്ള പണം
അടയ്ക്കുന്നതിലടക്കം കാലതാമസം ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കെ എസ് ഇ ബി. എന്തായാലും ഉദ്യോഗസ്ഥരുടെ വടംവലി കാരണം നാട്ടുകാരുടെ യാത്ര വഴിമുട്ടി.പോസ്റ്റുകള്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ പോസ്റ്റുകള്‍ മാറ്റുന്നത് ഇനി ഇരട്ടി പണിയാകും.