കട്ടപ്പന കൊച്ചു തോവാളയിലെ വീട്ടമ്മയുടെ കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടു.പ്രതിക്കായി പോലീസ് ഇരുട്ടിൽ തപ്പുന്നു.
കട്ടപ്പന: കട്ടപ്പന കൊച്ചുതോവാളയിൽ വയോധിക കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലടക്കമുള്ള കാര്യങ്ങൾ മുടങ്ങിയതാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് പൊലീസ് വിശദീകരണം.
കഴിഞ്ഞമാസം എട്ടിനാണ് കട്ടപ്പന കൊച്ചുതോവാള സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അണിഞ്ഞിരുന്ന നാല് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും വീട്ടില്‍ സൂക്ഷിച്ചിരുന്ന മറ്റു സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടില്ല. മോഷണം നടന്നതിന്റെ കാര്യമായ ലക്ഷണങ്ങളും വീട്ടില്‍ ഇല്ല. എന്നാൽ പ്രതിയെക്കുറിച്ച് ഒരു സൂചന പോലും പൊലീസിന് കിട്ടിയില്ല.
ചിന്നമ്മ കൊല്ലപ്പെട്ട മുറിയില്‍ മല്‍പ്പിടുത്തം നടത്തിയതായി യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ വീടിന്റെ പിറകിലത്തെ വാതില്‍ പുറത്തുനിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാരിയില്‍ 25 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. വീടുപണി നടക്കുന്നതിനാല്‍ ബാങ്കില്‍ നിന്നും എടുത്ത് വച്ച ഒരു ലക്ഷത്തോളം രൂപയും അലമാരിയില്‍ തന്നെ ഉണ്ടായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന ജോര്‍ജിന്റെ വീട്ടില്‍ മോഷ്ടിക്കാൻ എത്തിയവർ എന്തുകൊണ്ട് അലമാര പരിശോധിച്ചില്ലായെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഒരു കാര്യം. ജോര്‍ജിന് ശത്രുക്കളൊന്നും ഉള്ളതായി അറിയില്ല.
ജോര്‍ജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴെത്തെ നിലയിലുമാണ് കിടന്ന് ഉറങ്ങിയിരുന്നത്. തൃശൂരിലെ മകളുടെ വീട്ടിലേക്ക് വെളുപ്പിനെ പോവാനായി തലേദിവസം തന്നെ ജോര്‍ജ് ഡ്രസുകളും മറ്റും ബാഗിലാക്കി വച്ചിരുന്നു.ജോർജ് വെളുപ്പിന് നാലരയോടെ ചിന്നമ്മയെ വിളിച്ചുണര്‍ത്താനായി താഴത്തെ നിലയില്‍ എത്തിയപ്പോള്‍ കട്ടിലില്‍ നിന്ന് താഴെവീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. വായില്‍ നിന്ന് രക്തം വന്നിരുന്നു. കൂടാതെ ഒരു തുണി വായില്‍ കടിച്ചുപിടിച്ചിട്ടുമുണ്ടായിരുന്നു. ഉടന്‍തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.
ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരും, ഫോറൻസികും, ഡോഗ് സ്ക്വാഡുമെല്ലാം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. നൂറിലധികം പേരെ ചോദ്യം ചെയ്തു. ചിന്നമ്മയുടെ കാണാതായ ആഭരണങ്ങൾ കണ്ടെത്താൻ മെറ്റൽ ഡിക്ടക്ടർ ഉപയോഗിച്ച് വീടും പരിസരവും മുഴുവൻ തെരഞ്ഞു. എന്നാൽ ഒരു തുമ്പ് പോലും കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇനി പ്രതീക്ഷ ഫോറൻസികിന്റെ വിശദമായ റിപ്പോർട്ടിലാണ്. എന്നാൽ അത് ഇനിയും കിട്ടിയിട്ടില്ല.
കട്ടപ്പന ഡിവൈഎസ്‌പി ജെ.സന്തോഷ്‌കുമാര്‍, എസ് എച്ച് ഒ ബി.ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അന്വേഷണം നിലച്ചമട്ടാണ്. ആളുകളെ ചോദ്യം ചെയ്ചാൻ വിളിപ്പിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്നാണ് കട്ടപ്പന ഡിവൈഎസ്പി പറയുന്നത്. ഇപ്പോൾ ചിന്നമ്മയുടെ വീടിന്റെ പരിസരത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് മാത്രമാണ് നടക്കുന്നത്. പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. പൊലീസ് അന്വേഷണത്തിൽ സംശയമുണ്ടെന്നും മറ്റേതെങ്കിലും അന്വേഷണസംഘം കേസേറ്റെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, പൊലീസ് ഇതുവരെയും പ്രതിയെ കണ്ടെത്താതിലും അന്വേഷണത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടാവാത്തതിലും പ്രതിക്ഷേധിച്ചു കൊണ്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.