‘ശുഭ്മൻ ഗിലിൻ്റെ പ്രകടനം ഒരിക്കലും മറക്കാനാവാത്തത്’; പുകഴ്ത്തി സച്ചിൻ


സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. താരത്തിൻ്റെ പ്രകടനം ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു എന്ന് സച്ചിൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. തന്നെ ആകർഷിച്ചത് താരത്തിൻ്റെ അചഞ്ചലമായ ശാന്തതയും റണ്ണുകൾക്കായുള്ള അത്യാർത്തിയും വിക്കറ്റുകൾക്കിടയിലൂടെയുള്ള ഓട്ടവും ആയിരുന്നു എന്നും സച്ചിൻ കുറിച്ചു. സീസണിൽ അസാമാന്യ പ്രകടനമാണ് ഗിൽ നടത്തുന്നത്. 16 ഇന്നിംഗ്സ് കളിച്ച താരം 851 റൺസുമായി ഓറഞ്ച് ക്യാപ്പിൽ ഒന്നാമതാണ്. 60.79 ശരാശരിയും 154 സ്ട്രൈക്ക് റേറ്റും സൂക്ഷിച്ച ഗിൽ 3 സെഞ്ചുറികളും നേടി. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ 60 പന്തിൽ 129 റൺസ് നേടി പുറത്താവുകയായിരുന്നു. ഐപിഎൽ ഫൈനലിന് ആശങ്കയായി മഴ തകർക്കുകയാണ്. ഫൈനൽ നടക്കുന്ന അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേദിയത്തിൽ മഴ പെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട് എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ നാളെ റിസർവ് ഡേയിൽ കളി നടക്കും.
കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഫൈനലിൽ കൊമ്പുകോർക്കുക. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഫൈനൽ മത്സരം. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
അതേസമയം, ചെന്നൈ സൂപ്പർ കിംഗ്സ് താരം അമ്പാട്ടി റായുഡു ഐപിഎലിൽ നിന്ന് വിരമിക്കുകയാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരത്തിനു ശേഷം ഐപിഎൽ അവസാനിപ്പിക്കുമെന്ന് 37 വയസുകാരനായ റായുഡു അറിയിച്ചു. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളിലായി ഐപിഎൽ മത്സരങ്ങൾ കളിച്ച താരം അഞ്ച് കിരീടം നേടിയിട്ടുണ്ട്.