വൈറ്റില-കാക്കനാട് റൂട്ടിലും ജലമെട്രോ കുതിപ്പ് തുടങ്ങി

കൊച്ചി: ഹൈകോര്‍ട്ട്-വൈപ്പിന്‍ റൂട്ടിന് പിന്നാലെ വൈറ്റില-കാക്കനാട് ജലപാതയിലും പൊതുജനങ്ങള്‍ക്കായുള്ള യാത്ര ആരംഭിച്ച് ജല മെട്രോ.ആദ്യദിനത്തിലേതുപോലെതന്നെ മികച്ച പ്രതികരണമാണ് ഇവിടെയും ജനങ്ങളില്‍നിന്ന് ലഭിച്ചത്.ആദ്യദിവസം 6559 പേരാണ് ജല മെട്രോയില്‍ യാത്ര ചെയ്തത്. 7039 പേരാണ് രണ്ടാം ദിനമായ വ്യാഴാഴ്ച യാത്ര ചെയ്തത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമന്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുരുന്തില്‍, സ്മാര്‍ട്ട് സിറ്റി സി.ഇ. മനോജ് നായര്‍ തുടങ്ങി നിരവധിപേര്‍ യാത്രയില്‍ പങ്കെടുത്തു.
ഡോ.സിജു വിജയന്‍, സൗമ്യ അയ്യര്‍ എന്നീ രണ്ടുപേര്‍ക്കാണ് ആദ്യ ടിക്കറ്റുകള്‍ നല്‍കിയത്. ഇരുവരും വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരാണ്. എട്ടുമണിക്കാണ് വൈറ്റിലയില്‍നിന്ന് സര്‍വിസ് ആരംഭിച്ചത്. രാവിലെ എട്ടുമുതല്‍ 11വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് ഈ റൂട്ടിലെ സര്‍വിസ്. യാത്രക്കാരുടെ പ്രതികരണം മനസ്സിലാക്കാനാണ് രാവിലെയും വൈകീട്ടുമായി മൂന്ന് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.
ടെര്‍മിനലുകളില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രാസംവിധാനങ്ങള്‍ താല്‍ക്കാലികമായി ഒരുക്കിയിട്ടുണ്ട്. അത് സ്ഥിരമാക്കാനുള്ള നടപടികള്‍ കലക്ടറുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ സാമ്ബത്തിക, ടൂറിസം വികസനത്തിന് ജല മെട്രോ വലിയരീതിയില്‍ ഗുണകരമാകുമെന്ന് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. കാക്കനാട് ജല മെട്രോ ടെര്‍മിനലില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഇന്‍ഫോപാര്‍ക്കിലേക്ക് ഫീഡര്‍ ഓട്ടോ, കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.