കട്ടപ്പന നഗരസഭയുടെ 67.78 കോടി രൂപ വരവും 67.05 കോടി ചെലവും 72.78 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അവതരിപ്പിച്ചു.
ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ജൈവവളം വിതരണം ചെയ്യാനും ഫലവൃക്ഷതൈകള്‍ വിതരണം ചെയ്യാനും ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും തുക വകയിരുത്തി.
വാഴവര അര്‍ബന്‍ പിഎച്ച്‌സി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മരുന്നുവാങ്ങാനും മറ്റ് സൗകര്യങ്ങള്‍ക്കും പുറമേ വയോജന സംഗമം, പാലിയേറ്റീവ് സാന്ത്വന സംഗമം എന്നിവയ്ക്കും തുക അനുവദിച്ചു. മാലിന്യ സംസ്‌കരണത്തിന് രണ്ട് ഏക്കര്‍ സ്ഥലം വാങ്ങും. കൂടാതെ പുളിയന്‍മല പ്ലാന്റ്, സ്ലോട്ടര്‍ഹൗസ്, മാംസ സ്റ്റാള്‍ എന്നിവ നവീകരിക്കും. ലൈഫ് പദ്ധതിക്ക് ഹഡ്‌കോയുടെ വായ്പ പ്രയോജനപ്പെടുത്തും. ഇന്‍ഡോര്‍ സ്‌റ്റേഡിയം കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് 8 കോടി രൂപ വായ്പയെടുക്കും.
വനിത സ്വയംതൊഴില്‍-70 ലക്ഷം, കോക്ലിയര്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, ഷെല്‍ട്ടര്‍ഹോം പൂര്‍ത്തീകരണം, നീന്തല്‍ക്കുളം നിര്‍മാണം, കട്ടപ്പന ഫെസ്റ്റ്, കല്യാണത്തണ്ട് ടൂറിസം, കട്ടപ്പന ബസ് സ്റ്റാന്‍ഡ് നവീകരണം, നഗരസഭയുടെ വിശദാംശങ്ങള്‍ അറിയിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കല്‍, ഗ്രാമീണ റോഡ് നിര്‍മാണം, കുടിവെള്ള പദ്ധതി, ഓട നിര്‍മാണം, വഴിവിളക്ക് സ്ഥാപിക്കലും അറ്റകുറ്റപ്പണിയും എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.
ബജറ്റ് അവതരണ യോഗത്തിൽ നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷയായിരുന്നു.
ബജറ്റ് ചർച്ച നാളെ നടക്കും.