നെടുങ്കണ്ടത്ത് നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം
നെടുങ്കണ്ടം : നെടുങ്കണ്ടം മേഖലയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ച് ജനം. കൺടെയ്‌ൻമെന്റ് സോണായ നെടുങ്കണ്ടം പഞ്ചായത്തിൽ പോലീസിന്റെ വാഹന പരിശോധന ശക്തമാക്കി. നിയന്ത്രണങ്ങൾ ശക്തമായ സാഹചര്യത്തിൽ മേഖലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ് വന്നിട്ടുണ്ട്. നെടുങ്കണ്ടം പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2, 15 എന്നിങ്ങനെയാണ്. എന്നാൽ ബുധനാഴ്ച കോവിഡ് കേസുകൾ 66 ആയി ഉയർന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ മേഖലയിൽ സമ്പർക്കം മൂലമുള്ള രോഗ വ്യാപനം കുറഞ്ഞുവരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. വെള്ളിയാഴ്ച വരെയുള്ള മിനി ലോക്ഡൗണിനോടൊപ്പമാണ് നെടുങ്കണ്ടം പഞ്ചായത്ത്, പാമ്പാടുംപാറ പഞ്ചായത്തിന്റെ ഏതാനും വാർഡുകൾ എന്നിവ കൺടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. പ്രതിദിന കോവിഡ് വർധനയും കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിനെത്തുടർന്ന് ജില്ലാ കളക്ടർ കൺടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്. നെടുങ്കണ്ടത്ത് കിഴക്കേക്കവലയിലും കൽക്കൂന്തലിലും റോഡുകളിൽ ബാരിക്കേഡ് കെട്ടി ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് യാത്രാ ആവശ്യം പരിഗണിച്ചാണ് കടത്തിവിടുന്നത്. അനാവശ്യയാത്രകൾ പോലീസ് നിരോധിച്ചിട്ടുണ്ട്. റോഡിലെ പരിശോധന കൂടാതെ മൂന്ന് ജീപ്പുകളിലും നാല് ബൈക്കുകളിലും പോലീസിന്റെ പട്രോളിങ്ങും മേഖലയിൽ നടന്നുവരുന്നു. കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് അഞ്ച് കേസുകളാണ് നെടുങ്കണ്ടം പോലീസ് കഴിഞ്ഞ രണ്ട് ദിവസമായി എടുത്തിരിക്കുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് പൂർണമായും, പാമ്പാടുംപാറ പഞ്ചായത്തിലെ മൂന്ന്, 11, 12, 15 വാർഡുകളുമാണ് കൺടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. പാൽ, പഴം, പച്ചക്കറി, പലചരക്ക്, ബേക്കറി മുതലായ സ്ഥാപനങ്ങൾക്ക് മാത്രമേ ഇവിടെ തുറന്നുപ്രവർത്തിക്കാൻ അനുവാദമുള്ളൂ. കടകളുടെ പ്രവർത്തന സമയം രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ മാത്രമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.