ചെറിയ മഴ പെയ്താൽപോലും: വണ്ടിപ്പെരിയാറിൽ വലിയ വെള്ളക്കെട്ട്
വണ്ടിപ്പെരിയാർ : ചെറിയ മഴ പെയ്താൽപോലും വണ്ടിപ്പെരിയാറുകർക്ക് മനസ്സുറച്ച് റോഡരികിൽകൂടിപോലും നടന്നുപോകാൻ കഴിയാത്തസ്ഥിതിയാണ്. വെള്ളമൊഴുകി പോകുന്നതിനുള്ള ഓടകൾ ഉൾപ്പെടെയുള്ളവ മാലിന്യം കയറി അടയുന്നതാണ് ടൗണിലും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിന് കാരണമാകുന്നത്.
മഴ ശക്തമായിപെയ്താൽ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നത് പതിവാണ്. മലിനജലം ഒഴുകിയെത്തുന്നതിനാൽ പലരും പകർച്ചവ്യാധി ഭീതിയിലാണ്.
കൂടാതെ കൊട്ടാരക്കര-ദിണ്ടികൽ ദേശീയപാതയിൽ ഏറ്റവും പ്രധാനപ്പെട്ട പാലമായ പെരിയാർ നദിക്ക് കുറുകെയുള്ള വണ്ടിപ്പെരിയാർ പാലത്തിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് മണിക്കൂറുകളോളം വലിയ ഉയരത്തിൽ വെള്ളക്കെട്ടുണ്ടായത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പല വാഹനങ്ങളും പാലത്തിൽ പകുതിയിൽ നിന്നുപോകുന്ന അവസ്ഥയുണ്ടായി. ഇതിനൊപ്പം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും വാഹനയാത്രക്കാർക്ക് ചെറിയ പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.
മഴ പെയ്ത് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വഴി പരിചയമില്ലാതെ യെത്തുന്ന ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഴുക്കുചാലുകളും ഓടകളും വൃത്തിയാക്കി വെള്ളമൊഴുകിപോകുന്നതിന് സൗകര്യമൊരുക്കുന്നതിനൊപ്പം അടിയന്തരമായി ദേശീയപാത അധികൃതർ പാലത്തിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.