ലാലു പ്രസാദും കുടുംബവും അനധികൃതമായി നേടിയത് 600 കോടിയുടെ വരുമാനമെന്ന് ഇഡി
ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും അനധികൃതമായി നേടിയ വരുമാനം 600 കോടിയോളം വരുമെന്ന് ഇഡി. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴ വാങ്ങി റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ലാലു പ്രസാദിനെതിരായ കേസ്. കേസിൽ ലാലുവിന്റെ കുടുംബാംഗങ്ങളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 1 കോടി രൂപ കണ്ടെത്തിയതായും ഇഡി പ്രസ്താവനയിൽ പറയുന്നു.
ഡൽഹി എൻസിആർ, പാട്ന, മുംബൈ, റാഞ്ചി എന്നിവിടങ്ങളിലായി 24 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റേതടക്ക്ം വസതികളിലടക്കമാണ് ഇഡി ഇന്നലെ മുതൽ റെയ്ഡ് നടത്തിയത്.
പരിശോധനയിൽ കണക്കിൽപെടാത്ത ഒരു കോടി രൂപ, 1900 യുഎസ് ഡോളർ അടക്കമുള്ള വിദേശ കറൻസികൾ, 540 ഗ്രാം സ്വർണക്കട്ടി, 1.25 കോടിയോളം വില വരുന്ന 1.5 കിലോ സ്വർണാഭരണങ്ങൾ, കുടുംബാംഗങ്ങളുടേയും ബിനാമിമാരുടേയും പേരിലുള്ള വിവിധ സ്വത്ത് രേഖകൾ, വിൽപന രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയടക്കമാണ് കണ്ടെത്തിയത്. 350 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുടെ രൂപത്തിലും വിവിധ ബിനാമികൾ വഴി നടത്തിയ 250 കോടി രൂപയുടെ ഇടപാടുകളായും ഏകദേശം ഏകദേശം 600 കോടി രൂപയുടെ വരുമാനം ഇതുവരെ കണ്ടെത്തിയതായി അന്വേഷണത്തിൽ വ്യക്തമായെന്നും ഇഡി അവകാശപ്പടുന്നു.