റിസോർട്ട് വിവാദം; പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് ഇ പി
തിരുവനന്തപുരം: റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് വെളിപ്പെടുത്തി ഇ.പി ജയരാജൻ. പി ജയരാജൻ ഈ വിഷയം അഴിമതി ആരോപണമെന്ന തരത്തിൽ ഉന്നയിച്ചിട്ടില്ലെന്നും സഹകരണ സ്ഥാപനം പോലെ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദേകം മുൻ എം.ഡി രമേഷ് കുമാർ പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇ പി വ്യക്തമാക്കി.
വിവാദം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് സി.പി.എമ്മും നേതാക്കളും ഇതുവരെ നിഷേധിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യങ്ങൾ ഇ പി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രമേഷിന് റിസോർട്ടിൽ പിടി മുറുക്കാൻ കഴിയാഞ്ഞതിനാൽ തന്‍റെ പേര് വലിച്ചിഴച്ചതാണെന്നും ഇ പി ആരോപിച്ചു.
അതേസമയം, കണ്ണൂരിലെ വിവാദമായ വൈദേകം റിസോർട്ടിലെ ഓഹരികൾ വിൽക്കാനൊരുങ്ങുകയാണ് ഇ.പി ജയരാജന്‍റെ കുടുംബം. ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെയും മകൻ ജെയ്‌സണിന്റെയും ഓഹരികളാണ് വിൽക്കുന്നത്. ഇരുവർക്കുമായി 91.99 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. ഓഹരികൾ വിൽക്കാൻ തയ്യാറാണെന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെയാണ് തീരുമാനമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം വൈദേകം റിസോർട്ടിൽ കേന്ദ്ര ഏജൻസി പരിശോധന നടത്തിയിരുന്നു. ആദായനികുതി വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്. വൈദേകം റിസോർട്ടിലെ ഓഹരിയെച്ചൊല്ലി പാർട്ടിക്കുള്ളിൽ വലിയ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇ.പിയുടെ കുടുംബത്തിന്‍റെ തീരുമാനം.