വീട്ടുപണി ചെറുതല്ല! മുന്‍ഭാര്യയ്‍ക്ക് 1.75 കോടി നല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒരു കുടുംബത്തിലെ മിക്കവാറും എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. അത് ജോലിയുള്ളവരാണെങ്കിലും ജോലിയില്ലാത്തവരാണെങ്കിലും. കുടുംബത്തിലെ ജോലികൾ എല്ലാവരും ഒരുമിച്ച് ചെയ്യണമെന്നും കുട്ടികളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഒരുമിച്ച് ചെയ്യണമെന്നും ഇന്നും നമ്മുടെ സമൂഹം മനസ്സിലാക്കിയിട്ടില്ല. സ്ത്രീകൾ രാവും പകലും വീട്ടിൽ ജോലി ചെയ്താലും ആരും അത് അംഗീകരിക്കുകയോ പ്രതിഫലം നൽകുകയോ ഇല്ല.
എന്നാൽ ഇപ്പോൾ മുൻ ഭാര്യയ്ക്ക് 1.75 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ ഒരു ഭർത്താവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. 25 വർഷത്തോളം ഇവാന മോറൽ എന്ന സ്ത്രീ വീട്ടിലെ മുഴുവൻ ജോലിയും ചെയ്താണ് ജീവിച്ചത്. വിവാഹമോചന സമയത്ത്, ഇവാനയുടെ മുൻ ഭർത്താവിനോട് 1.75 കോടി രൂപ നൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
25 വർഷം പ്രതിഫലം വാങ്ങാതെ വീട്ടുജോലി ചെയ്തതിനാലാണ് ഇത്രയും തുക നൽകേണ്ടതെന്ന് കോടതി പറഞ്ഞു. ഈ 25 വർഷത്തെ മിനിമം വേതനം കണക്കാക്കി ഈ തുക നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി, രണ്ട് കുട്ടികളുടെ അമ്മയായ ഇവാന എല്ലാ വീട്ടുജോലികളും ചെയ്യുന്നു. വീട്ടിലിരുന്ന് അവർ വീടിനെയും കുടുംബത്തെയും പരിപാലിച്ചു.