എഴുകുംവയൽ കുരിശുമല കയറാൻ ആയിരങ്ങൾ
കട്ടപ്പന: കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ എണ്ണം വർധിച്ചുവരികയാണ്.
വലിയ നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്ന് നേരം പുലരുന്നതിനു മുൻപേ ആരംഭിച്ച വിശ്വാസികളുടെ പ്രവാഹം രാത്രി വൈകിയും തുടരുകയാണ്. ഇന്ന് രാവിലെ 9:45ന് ടൗൺ കപ്പേളയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. മലമുകളിലെ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ച കഞ്ഞി വിതരണവും നടന്നു. തിരുകർമ്മങ്ങൾക്ക് പഴയരിക്കണ്ടം കത്തോലിക്ക പള്ളി വികാരി ഫാദർ ജോസഫ് അക്കൂറ്റ് മുഖ്യ കാർമികനായിരുന്നു.
വൈകുന്നേരം 5 PM ന് നടന്ന തിരുകർമ്മങ്ങൾക്ക് ബഥേൽ കത്തോലിക്കാ ദേവാലയ അസി.വികാരി ഫാദർ ആൻ്റണി കുന്നത്തുംപാറ നേതൃത്വം നൽകി.
കുരിശുമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും ഇന്ത്യയിൽ തന്നെ ആദ്യമായി നിർമ്മിച്ച മിസേറിയ രൂപം സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുള്ളതായി വികാരി ഫാദർ ജോർജ് പാട്ടത്തെകുഴി അറിയിച്ചു.