ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും കനത്ത മഞ്ഞും മഴയും തണുപ്പും

തൊടുപുഴ: ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും കനത്ത മഞ്ഞും മഴയും തണുപ്പും.കഴിഞ്ഞ ദിവസം രാത്രി മൂന്നാര്‍ ടൗണില്‍ ഏറ്റവും താഴ്ന്ന താപനില നാല് ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 15.3 ഡിഗ്രിയുമായിരുന്നു.തമിഴ്നാട്ടില്‍ വീശുന്ന മാന്‍ഡോസ് കാറ്റാണ് പകലും അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണമായി പറയുന്നത്.കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയായി തോട്ടം മേഖലയുള്‍പ്പെടെ പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, എന്നിവിടങ്ങളില്‍ അഞ്ചും മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളില്‍ നാലുമായിരുന്നു രാവിലത്തെ താപനില.ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.വിദൂര എസ്റ്റേറ്റുകളായ തെന്‍മല, ഗുണ്ടുമല, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി എന്നിവിടങ്ങളിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്.ശൈത്യകാലമായതോടെ മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കന്‍ നിരവധി സഞ്ചാരികളും എത്തി തുടങ്ങിയിട്ടുണ്ട്. ഹൈറേഞ്ചിന്‍റെ മറ്റ് ഭാഗങ്ങളിലും മഞ്ഞും നേരിയ ചാറ്റല്‍ മഴയും അനുഭവപ്പെടുന്നുണ്ട്. രണ്ടു ദിവസമായി ലോറേഞ്ചിലും മൂടിയ അന്തരീക്ഷമാണ്.