2016 ന്റെ തനിയാവർത്തനമായി മത്സരവും തിരഞ്ഞെടുപ്പു ഫലവും; തുടർച്ചയായി അഞ്ചാം തവണയും സ്വന്തം മണ്ഡലത്തിൽ റോഷി വിജയചരിത്രമെഴുതി
ചെറുതോണി ∙ ജില്ലയുടെ രാഷ്ട്രീയത്തിലെ വമ്പന്മാരുടെ മത്സരമായിരുന്നു ഇടുക്കിയിലേത്. 2016ന്റെ തനിയാവർത്തനമായി മത്സരവും തിരഞ്ഞെടുപ്പു ഫലവും. കളി തീരുന്നതിനു തൊട്ടു മുൻപു റോഷി അഗസ്റ്റിൻ തുടരെത്തുടരെ ഗോളുകൾ തകർത്തടിച്ചപ്പോൾ തോറ്റതു പഴയ എതിരാളി തന്നെ. പിറന്നതു പുത്തൻ റെക്കോർഡ്. മുന്നണി മാറിയെങ്കിലും തുടർച്ചയായി അഞ്ചാം തവണയും സ്വന്തം മണ്ഡലത്തിൽ റോഷി വിജയചരിത്രമെഴുതിയപ്പോൾ യുഡിഎഫിലെത്തിയ കെ.ഫ്രാൻസിസ് ജോർജിനു വീണ്ടും പരാജയം രുചിക്കേണ്ടിവന്നു.
കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയ ഇടുക്കിയിൽ 5,573 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു റോഷിയുടെ വിജയം. മുൻതിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷം ആവർത്തിക്കാനായില്ലെങ്കിലും റോഷിയുടെ വിജയത്തിനു തിളക്കം ഒട്ടും കുറവില്ല. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച റോഷി അന്ന് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിനെ 9,333 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്.
ഈ നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിയുടെ രണ്ടാമത്തെ വിജയമാണിത്. ആദ്യം വോട്ടെണ്ണിയ കഞ്ഞിക്കുഴി പഞ്ചായത്തിലെ ബൂത്തുകളിൽ മികച്ച ലീഡ് പിടിച്ച റോഷി പിന്നെ വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെ ഇതു നിലനിർത്തി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽത്തന്നെ ആദ്യം മികച്ച ഭൂരിപക്ഷം കിട്ടിയപ്പോൾ ഫലസൂചന വ്യക്തമായിരുന്നു. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ റോഷി അഗസ്റ്റിന് 62,368 വോട്ടുകളാണു ലഭിച്ചത്. കെ. ഫ്രാൻസിസ് ജോർജിന് 56,765 വോട്ടു കിട്ടിയപ്പോൾ എൻഡിഎയിലെ സംഗീത വിശ്വനാഥനു കിട്ടിയത് 9286 വോട്ടു മാത്രം.
തപാൽ വോട്ടുകളിൽ ഫ്രാൻസിസ് ജോർജിനാണു നേരിയ മേൽക്കൈ. ആകെയുള്ള 3256 പോസ്റ്റൽ വോട്ടുകളിൽ ഫ്രാൻസിസ് ജോർജിന് 1356 വോട്ടു ലഭിച്ചപ്പോൾ റോഷിക്കു കിട്ടിയത് 1335. തപാൽ വോട്ടുകളിൽ 386 എണ്ണം അസാധു. 15 എണ്ണം ആർക്കുമില്ലാതെ നോട്ടയ്ക്ക്. കഞ്ഞിക്കുഴി (1135), കൊന്നത്തടി (2591), വാഴത്തോപ്പ് (370), കാമാക്ഷി (1079), കാഞ്ചിയാർ (1935) എന്നീ പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലുമാണ് (1248) ഇടതു മുന്നണി ലീഡ് നേടിയത്.
അതേ സമയം, യുഡിഎഫിന്റെ ലീഡ് വാത്തിക്കുടി (1914), മരിയാപുരം (331), കുടയത്തൂർ (218), അറക്കുളം (391) പഞ്ചായത്തുകളിൽ മാത്രമായി ഒതുങ്ങി. യുഡിഎഫ് ഭരിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും റോഷി നേടിയ ഭേദപ്പെട്ട ലീഡ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു വിജയത്തിൽ നിർണായകമായി.