നാളത്തെ ജനശദാബ്ദി റദ്ദാക്കി; പകരം അധിക സർവീസ് ഏർപ്പെടുത്തി കെഎസ്ആർടിസി
തിരുവനന്തപുരം: നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിൻ റദ്ദാക്കി. ഇതേ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം അധിക സർവീസുകൾ നടത്താൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ട്രെയിൻ റദ്ദാക്കിയതിന് പിന്നാലെയാണ് കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയത്.
26/02/2023ന് റദ്ദാക്കിയ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ട്രെയിനിന്‍റെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയിപ്പ്.
യാത്രക്കാർക്ക് ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി വെബ്സൈറ്റിൽ നിന്ന് സീറ്റുകൾ റിസർവ് ചെയ്യാം. വെബ്സൈറ്റിലൂടെയും ‘എന്‍റെ കെ.എസ്.ആർ.ടി.സി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.