വറുത്ത പച്ചമുളകിന്‍റെ മണം ഔദ്യോഗിക ഗന്ധമാക്കാനൊരുങ്ങി ന്യൂ മെക്സിക്കോ
ന്യൂ മെക്സിക്കോ: നിയമനിർമ്മാണ സഭയിൽ പരിഗണനയിലുള്ള പുതിയ ബില്ലിലൂടെ വറുത്ത പച്ചമുളകിന്‍റെ ഗന്ധം ഔദ്യോഗിക സുഗന്ധമായി തിരഞ്ഞെടുക്കാനൊരുങ്ങി യുഎസിലെ ന്യൂ മെക്സിക്കോ സിറ്റി. മെക്സിക്കോയുടെ സംസ്ഥാന ചിഹ്നങ്ങളുടെ പട്ടികയിൽ ഔദ്യോഗിക സുഗന്ധം ഉൾപ്പെടുത്താനും ബിൽ ശുപാർശ ചെയ്യുന്നു. ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റർ വില്യം സോൾസാണ് ബിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ബിൽ നിയമസഭയിൽ പാസാക്കിയാൽ ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ സംസ്ഥാന ഗന്ധവും ഉൾപ്പെടും. ന്യൂ മെക്സിക്കോ നിയമസഭയുടെ വെബ്സൈറ്റ് അനുസരിച്ച്, നിർദ്ദേശം അംഗീകരിച്ചാൽ ജൂൺ 16 മുതൽ ഇത് പ്രാബല്യത്തിൽ വരും. ബിൽ നിലവിൽ നിയമനിർമ്മാതാക്കളുടെ പരിഗണനയിലാണ്.
ഒരു സ്കൂൾ സന്ദർശന വേളയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് വറുത്ത പച്ചമുളകിന്‍റെ ഗന്ധം ഔദ്യോഗിക സുഗന്ധമായി തിരഞ്ഞെടുക്കാമെന്ന നിഗമനത്തിൽ സെനറ്റർ വില്യം സോൾസ് എത്തിയത്. അത്തരമൊരു ചിന്ത വന്നപ്പോൾ, നിരവധി ഗന്ധങ്ങളെക്കുറിച്ച് ചിന്തിച്ചുവെങ്കിലും വേറിട്ടുനിൽക്കുന്ന മറ്റൊരു ഗന്ധവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വില്യം സോൾസ് പറയുന്നു.