കലീമിന്റെ സെഞ്ചറി തകർത്ത ചിന്നക്കനാൽ; എല്ലാം ഓക്കെ ആയാൽ നാളെത്തന്നെ കോളർ ഘടിപ്പിക്കും: നിരോധനാജ്ഞ

ചിന്നക്കനാൽ ∙ വയനാട്ടിൽ നിന്നുള്ള കുങ്കിയാനകളായ വിക്രമും ഭരതും ചിന്നക്കനാലിലെത്തിയതോടെ മിഷൻ ചക്കക്കൊമ്പന് തുടക്കമായി. ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം അനുകൂല സാഹചര്യം ലഭ്യമായാൽ നാളെ നടപ്പാക്കാനാണ് ലക്ഷ്യം. മുത്തങ്ങയിൽനിന്ന് വന്ന കുങ്കിയാനകളും 30 സേനാംഗങ്ങളും ഇന്നലെ രാവിലെ 7.20നാണ് ചിന്നക്കനാലിൽ എത്തിയത്. തുടർന്ന് 301 കോളനിയുടെ തുടക്കത്തിൽ ആനകളെ എത്തിച്ചു. ഇവിടെ ഇറക്കിയ ആനകളെ പിന്നീട് സിമന്റ്പാലത്തിനു സമീപം സജ്ജമാക്കിയ കുങ്കിത്താവളത്തിലേക്ക് കൊണ്ടുപോയി. പ്രധാന ഭക്ഷണമായി പനമ്പട്ട ഉൾപ്പെടെയുള്ളവ ഇവിടെ വച്ച് ആനകൾക്ക് നൽകി. ആനകളെ ആരോഗ്യ സംഘം നിരീക്ഷിച്ചു. കനത്ത ചൂടിനെത്തുടർന്ന് ഉച്ചയ്ക്ക് ശേഷം ആനയിറങ്കൽ ജലാശയത്തിലെത്തിച്ച് രണ്ടാനകളെയും കുളിപ്പിച്ചു.
ഇന്നലെ രാവിലെ മുതൽ ബിഎൽ റാം ഭാഗത്ത് നിലയുറപ്പിച്ച ചക്കക്കൊമ്പന്റെ നിരീക്ഷണം വനം വകുപ്പ് ശക്തമാക്കി. ഡ്രോൺ ഉൾപ്പെടെയുള്ളവയുടെ സഹായത്തിൽ നടത്തുന്ന നിരീക്ഷണം ഇന്നും തുടരും. തുടർന്ന് ആക്‌ഷൻ പ്ലാൻ തയാറാക്കിയതിനു ശേഷമാകും ദൗത്യം തുടങ്ങുക. ആനയിറങ്കൽ ജലാശയം മറികടന്ന് മതികെട്ടാൻചോലയിലേക്ക് ചക്കക്കൊമ്പൻ കടന്നാൽ ദൗത്യം നീളും. ആനയെ കാടുമാറ്റാതെ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടയയ്ക്കുന്നതു കൊണ്ട് പ്രദേശത്തെ ആനശല്യം കുറയില്ലെന്നാണു ജനങ്ങൾ പറയുന്നത്. പകരം അരിക്കൊമ്പനെ മാറ്റിയ പോലെ ചക്കക്കൊമ്പനെയും കാടു മാറ്റണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
എല്ലാം ഓക്കെ ആയാൽ നാളെത്തന്നെ
ചിന്നക്കനാൽ ∙ ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം (ക്യാപ്ചർ ഓപ്പറേഷൻ) അനുകൂല സാഹചര്യം ഒരുങ്ങിയാൽ നാളെ നടത്തും. ദൗത്യവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിൽ ഉൾപ്പെടെ ജില്ലാ കലക്ടർ നിയന്ത്രണം പ്രഖ്യാപിച്ചു. ദേവികുളം റേഞ്ച് പരിധിയിലുള്ള ചിന്നക്കനാൽ പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണു പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ജയിച്ചു കയറുമോ വിക്രമും ഭരതും?
ചിന്നക്കനാൽ ∙ 2017ൽ ചിന്നക്കനാലിൽ നടന്ന അരിക്കൊമ്പൻ ആദ്യ മിഷനിൽ 2 കുങ്കിയാനകളെയാണ് എത്തിച്ചത്. ഏഷ്യയിലെ ഏറ്റവും മികച്ച കുങ്കിയാനയെന്നറിയപ്പെട്ടിരുന്ന തമിഴ്നാട് ആനമല ക്യാംപിലെ കലീം, വെങ്കിടേഷ് എന്നീ കുങ്കിയാനകളായിരുന്നു അന്ന് മിഷനിലുണ്ടായിരുന്നത്. മയക്കുവെടിയേറ്റ അരിക്കൊമ്പനെ തളയ്ക്കാൻ രണ്ടു കുങ്കിയാനകളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 99 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ കലീമിന്റെ സെഞ്ചറി നഷ്ടമായ ഗ്രൗണ്ടാണ് ചിന്നക്കനാൽ. രണ്ടാം അരിക്കൊമ്പൻ മിഷനിൽ അതുകൊണ്ടു തന്നെ വയനാട്ടിലെ മുത്തങ്ങയിൽ നിന്ന് 4 കുങ്കിയാനകളെയാണ് എത്തിച്ചത്. വിക്രമിന്റെ 3–ാം ദൗത്യമായിരുന്നു അന്ന്. ശക്തനായ ചക്കക്കൊമ്പനെ മുട്ടുകുത്തിക്കാൻ രണ്ടു കുങ്കിയാനകൾക്ക് മാത്രമായി സാധിക്കുമോ എന്നതാണ് നാട്ടുകാരുടെ ചോദ്യം. ചിന്നക്കനാലിലെ പ്രധാന കൊമ്പനായിരുന്ന മുറിവാലൻകൊമ്പനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആന കൂടിയാണു ചക്കക്കൊമ്പൻ. ചിന്നക്കനാലിൽ വിക്രം തുടർച്ചയായ രണ്ടാം തവണയും വിജയിക്കുമോ എന്നതും ദൗത്യത്തിനു ശേഷം മാത്രമേ പറയാൻ സാധിക്കൂ.
ചിന്നക്കനാൽ പഞ്ചായത്തിൽ നിയന്ത്രണം
നാളെ ചിന്നക്കനാൽ പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിൽ ബിഎൻഎസ് സെക്‌ഷൻ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കും.
സ്വകാര്യ ഡ്രോൺ നാളെ പ്രദേശത്തു കൂടി പറത്താൻ അനുവദിക്കില്ല.
നാളെയും 26നും 6 വാർഡുകളിലെ തൊഴിലുറപ്പ് ജോലികളും ഏലത്തോട്ടത്തിലെ പണികളും കർശനമായി നിരോധിച്ചു.
ഇന്നു മുതൽ 26 വരെ ഈ വാർഡുകളിലെ എല്ലാവിധ വിനോദ പരിപാടികളും നിരോധിച്ചു. ജനങ്ങൾ ഒന്നിച്ചുകൂടുന്നത് തടയും.
കാട്ടാനയെ നിരീക്ഷിക്കാൻ ആനയിറങ്കൽ ജലാശയത്തിൽ ഇന്നുമുതൽ ദൗത്യം പൂർത്തിയാക്കുന്നതുവരെ ഡ്രൈവർ സഹിതം ബോട്ട് വനം വകുപ്പിനു ലഭ്യമാക്കും.
മയക്കുവെടി വയ്ക്കുന്ന സമയത്ത് ആന ജലാശയത്തിൽ ഇറങ്ങുന്നത് തടയുന്നതിനാണിത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിന്റെയും ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അംഗീകരിച്ച ക്യാപ്ചർ പ്ലാനിന്റെയും അടിസ്ഥാനത്തിലാണ് ദൗത്യം.

















































































































































