ലൈഫ് മിഷൻ കോഴ കേസ്; സി.എം.രവീന്ദ്രനെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം . ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
സ്വപ്നയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ചാറ്റിൽ സി എം രവീന്ദ്രന്‍റെ പേര് പരാമർശിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിയാനാണ് ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ശിവശങ്കർ അറസ്റ്റിലാകുന്നത്. തുടർച്ചയായ 3 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ശിവശങ്കറിന്‍റെ അക്കൗണ്ടിലെ ഒരു കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്നാണ് സ്വപ്നയുടെ മൊഴി. തുടർന്ന് വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് ശിവശങ്കറിനെതിരായ തെളിവുകൾ ലഭിച്ചതെന്ന് ഇ.ഡി പറഞ്ഞു.