ഇന്ത്യ-ചൈന അതിർത്തി തർക്കം; തീരുമാനമാവാതെ ഉദ്യോഗസ്ഥതല ചർച്ച
ബെയ്ജിങ്: യഥാർഥ നിയന്ത്രണ രേഖയിലെ തർക്ക പരിഹാരത്തിനായി ബീജിംഗിൽ ഇന്ത്യ-ചൈന ഉദ്യോഗസ്ഥ തല ചർച്ച. ചർച്ചയിൽ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനമായില്ലെന്നാണ് വിവരം. ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി 2012 ൽ രൂപീകരിച്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫയേഴ്സിൽ (ഡബ്ല്യുഎംസിസി) പങ്കെടുക്കുന്നതിനാണ് ഇന്ത്യൻ പ്രതിനിധി സംഘം ബീജിംഗിലെത്തിയത്.
2020 ൽ ഇന്ത്യ-ചൈന അതിർത്തി തർക്കം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തുന്നത്. 2019 ജൂലൈയിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്‍റ് സെക്രട്ടറി (കിഴക്കൻ ഏഷ്യ) ശിൽപക് അംബുലെയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ബോർഡർ ആൻഡ് ഓഷ്യാനിക് അഫയേഴ്സ് ഡയറക്ടർ ജനറലാണ് ചൈനീസ് സംഘത്തിന് നേതൃത്വം നൽകിയത്.
പടിഞ്ഞാറൻ പ്രവിശ്യയിലെ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി. മറ്റ് പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള പിൻമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനും അതിർത്തിയിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാനും സഹായിക്കുമെന്നും അറിയിച്ചു.