ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം; പീരുമേട്ടിൽ ആദ്യ സൂചനകൾ 8.30ന് ;കട്ടപ്പനയിലെ വോട്ടുകൾ അവസാന റൗണ്ടിൽ
തൊടുപുഴ ∙ പെട്ടി തുറക്കാൻ മണിക്കൂറുകൾ മാത്രം. ജില്ലയിലെ 5 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജം. സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ രാവിലെ 7നു വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ തുറക്കും. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്പെഷൽ ഒബ്സർവർമാർ ഉണ്ടാകും.
ഓരോ മേശയിലും ഒരു മൈക്രോ ഒബ്സർവറെ വീതവും ഓരോ ഹാളിലും ആറു അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരെ വീതവും നിയോഗിച്ചിട്ടുണ്ട്. ഹാളിന്റെ വലുപ്പം അനുസരിച്ചാണ് മേശകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ ലഭ്യമാക്കും. ആവശ്യമുള്ളവർക്ക് പിപിഇ കിറ്റും നൽകും. ജില്ലയിൽ ആകെ 15,562 പേർ പോസ്റ്റൽ വോട്ട് ചെയ്തിട്ടുണ്ട്.
പീരുമേട്ടിൽ ആദ്യ സൂചനകൾ 8.30ന്
ആദ്യ ഫല സൂചനകൾ എട്ടരയോടെ നൽകാൻ കഴിയുന്ന തരത്തിൽ പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി. മരിയഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ആണ് മണ്ഡലത്തിലെ 261 ബൂത്തുകളിലെ കൺട്രോൾ യൂണിറ്റുകൾ എണ്ണുന്നത്.
4 ഹാളുകൾ ആണ് വോട്ടെണ്ണലിനു വേണ്ടി ഉപയോഗിക്കുന്നത്. 8 മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങും. ഏലപ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡായ പുള്ളിക്കാനം ആണ് ആദ്യം എണ്ണുക. തുടർന്ന് ഉപ്പുതറ, അയ്യപ്പൻകോവിൽ, ചക്കുപളളം, കുമളി, കൊക്കയാർ, പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണും.
ദേവികുളത്ത് വോട്ടെണ്ണൽ മൂന്നാർ എൻജി. കോളജിൽ
ദേവികുളം നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മൂന്നാർ ഗവ.എൻജിനീയറിങ് കോളജിൽ ഹാൾ മൂന്നായി തിരിച്ച് ഇവിഎം വോട്ടുകൾ എണ്ണുന്നതിന് 15 കൗണ്ടിങ് മേശകളും പോസ്റ്റൽ വോട്ട് എണ്ണുന്നതിന് 4 മേശകളും വിവി പാറ്റ് രസീതുകൾ എണ്ണുന്നതിന് ഒരു മേശയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ടേബിളിൽ മൈക്രോ ഒബ്സർവർ, സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ 3 ഉദ്യോഗസ്ഥർ വീതമായിരിക്കും ഉള്ളത്.
സ്ഥാനാർഥികൾക്കും അവരുടെ പ്രതിനിധികൾക്കും ഹാളിനുള്ളിൽ ബാരിക്കേഡിനു പുറത്തു നിന്ന് നടപടികൾ വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 254 ബൂത്തുകളിലെ കൺട്രോൾ യൂണിറ്റുകളാണ് കേന്ദ്രത്തിൽ എണ്ണുന്നത്. ഉച്ചയ്ക്കു മുൻപ് തന്നെ കൺട്രോൾ യൂണിറ്റുകൾ എണ്ണി തീർക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. നറുക്കിട്ടെടുക്കുന്ന വിവിപാറ്റും ഇതേ സമയം പരിശോധിച്ച് തിട്ടപ്പെടുത്തും.
ഉടുമ്പൻചോല എണ്ണിത്തുടങ്ങുന്നത് രാജാക്കാട്ടു നിന്ന്
ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വോട്ടെണ്ണലിനായുള്ള ക്രമീകരണം അവസാന ഘട്ടത്തിൽ. രാജാക്കാട് പഞ്ചായത്തിലെ ബൂത്തിൽ നിന്നാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. തുടർന്ന് യഥാക്രമം രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല, നെടുങ്കണ്ടം, ഇരട്ടയാർ, പാമ്പാടുംപാറ, കരുണാപുരം, വണ്ടൻമേട് പഞ്ചായത്തുകളിലെ വോട്ടെണ്ണും.പതിനെട്ടു മേശകളിലായി 13 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ആറു റൗണ്ടുകളുമാണുള്ളത്.
തൊടുപുഴയിൽ പോസ്റ്റൽ ബാലറ്റുകൾ 5,300
തൊടുപുഴ മണ്ഡലത്തിൽ തൊടുപുഴ ന്യൂമാൻ കോളജിലാണ് വോട്ടെണ്ണുന്നത്. 18 മേശകളിലായി 16 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് 10 റൗണ്ടുകളുമാണുള്ളത്. 271 ബൂത്തുകളാണ് തൊടുപുഴ മണ്ഡലത്തിലുള്ളത്. 5300 പോസ്റ്റൽ ബാലറ്റുകൾ തൊടുപുഴയിൽ എണ്ണാനുണ്ട്. മൂന്നു കൗണ്ടിങ് ഹാളുകളിൽ ഓരോന്നിലും 6 മേശകൾ വീതമുണ്ടാവും. ഒരു റൗണ്ടിൽ 18 ബൂത്തുകൾ എണ്ണാനാവും. ഇത്തരത്തിൽ 16 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാവും. കുമാരമംഗലം, ഉടുമ്പന്നൂർ, കരിമണ്ണൂർ എന്നീ പഞ്ചായത്തുകളിൽ ആദ്യം വോട്ടെണ്ണും.
കട്ടപ്പനയിലെ വോട്ടുകൾ അവസാന റൗണ്ടിൽ
പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് ഇടുക്കി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. ആകെ 196 ബൂത്തുകളാണ് നിയോജക മണ്ഡലത്തിലുള്ളത്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ 1000 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾ രണ്ടായി തിരിച്ചപ്പോൾ വോട്ടിങ് മെഷീനുകളുടെ എണ്ണം 274 ആയി. ആകെ 3,149 പോസ്റ്റൽ വോട്ടുകളാണ് ഇന്നലെ വരെ തിരികെ കിട്ടിയത്.
16 മേശകളാണ് വോട്ടെണ്ണുന്നതിനു ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയാകാൻ 17 റൗണ്ടുകൾ പൂർണമായും ഒരു റൗണ്ട് ഭാഗികമായും വേണ്ടി വരും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. കഞ്ഞിക്കുഴി പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണുക. തുടർന്ന് കൊന്നത്തടി, വാത്തിക്കുടി, വാഴത്തോപ്പ്, മരിയാപുരം എന്നീ ക്രമത്തിലും. ഒടുവിലാണ് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വോട്ടുകൾ എണ്ണുന്നത്.
Photo :തൊടുപുഴ ന്യൂമാന്‍ കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് സജ്ജീകരിച്ചിരിക്കുന്ന ഹാള്‍