പുറത്ത് വന്നത് എഡിറ്റ് ചെയ്ത വീഡിയോ; വിശദീകരണവുമായി സുരേഷ് ഗോപി
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. തനിക്ക് അവിശ്വാസികളോട് സ്നേഹമില്ലെന്നും അവരുടെ നാശത്തിനായി പ്രാർത്ഥിക്കുമെന്നും ആലുവ ശിവരാത്രി ആഘോഷ വേളയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്.
പുറത്തുവന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും താൻ പറഞ്ഞത് വളച്ചൊടിച്ചതാണെന്നും സുരേഷ് ഗോപി ആരോപിച്ചു. തന്റെ സമീപകാല പ്രസംഗങ്ങളിലൊന്നിൽ നിന്ന് പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് കാണാനിടയായി. പക്ഷേ അത് തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത ഒന്നാണ്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനാൽ, ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
“അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് അനാദരവില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും,” അദ്ദേഹം പറഞ്ഞു.