തൊഴില്‍ വകുപ്പിന് കീഴിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനാളുകളാണ് വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജോലിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്
തൊഴില്‍ വകുപ്പിന് കീഴിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനാളുകളാണ് വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജോലിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.എന്നാല്‍ സ്വന്തം വകുപ്പ് തന്നെ ഈ തൊഴിലന്വേഷകരെ അവഗണിച്ചാല്‍ എന്ത് ചെയ്യാനാകും.
16 ക്ഷേമനിധി ബോര്‍ഡുകളും കിലെ, ഒഡെപെക് തുടങ്ങിയ തൊഴില്‍ പരിശീലനറിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും തൊഴില്‍ വകുപ്പിനുണ്ട്. ഇവിടങ്ങളിലെ നിയമനങ്ങള്‍ക്കൊന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കുന്ന പതിവില്ല. ഭൂരിഭാഗം ക്ഷേമനിധി ബോര്‍ഡുകളിലും താത്കാലികക്കാരാണ് ജോലി ചെയ്യുന്നത്. പലരും ഭരണകക്ഷിയുടെ കത്തുമായി അഭിമുഖത്തിനെത്തി നിയമനം നേടിയവരാണ്. സംവരണ വ്യവസ്ഥകളും ഈ നിയമനങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല. ചില ക്ഷേമനിധി ബോര്‍ഡുകളാകട്ടെ ചുരുക്കം ചില തസ്തികകളിലെ നിയമനം പി.എസ്.സിക്ക് വിട്ടിട്ടുണ്ടെന്ന് മാത്രം. അപൂര്‍വമായി മാത്രമേ ഈ തസ്തികകളില്‍ പി.എസ്.സി വഴിയുള്ള സ്ഥിരനിയമനം നടക്കാറുള്ളൂ. താത്കാലികക്കാരായിരിക്കും കൂടുതല്‍ സമയവും ഈ തസ്തികകളിലുണ്ടാകാറുള്ളത്. റാങ്ക്പട്ടികകളിലുള്ളവര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യിച്ചാലേ പി.എസ്.സിക്ക് നിയമനശുപാര്‍ശ അയക്കാനാകൂ. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്.
വിശേഷാല്‍ചട്ടമില്ല; നിയമനം തോന്നുംപടി
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ്, ഹാന്‍ഡ്‌ലൂം വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ്, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ജ്വല്ലറി വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയവയിലെല്ലാം താത്കാലികക്കാരും ഡെപ്യൂട്ടേഷന്‍ വഴി നിയമിതരായവരുമാണുള്ളത്. ഈ ബോര്‍ഡുകള്‍ക്കൊന്നും വിശേഷാല്‍ചട്ടം തയ്യാറായിട്ടില്ല. ചട്ടത്തിനുള്ള നടപടി ചില ബോര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങളുടെയൊന്നും ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് കൂടുതലും. ഒഴിവുകള്‍ പരസ്യപ്പെടുത്തുകയോ അപേക്ഷ സ്വീകരിച്ച് നിയമനം നടത്തുകയോ ചെയ്യുന്ന പതിവില്ല. സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ അറിയിപ്പ് നല്‍കി, താത്പര്യമുള്ളവരെ നേരിട്ട് നിയമിക്കുന്നതാണ് പതിവ്. ഭരണകക്ഷിയിലുള്ള സ്വാധീനമാണ് പ്രധാന യോഗ്യത.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ്, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ്, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയവയില്‍ പി.എസ്.സി വഴിയാണ് നിയമനം. പി.എസ്.സിയെ അറിയിക്കാത്ത താത്കാലിക നിയമനങ്ങളും ഇവിടങ്ങളിലുണ്ട്. അത് സ്വന്തക്കാര്‍ക്ക് മാത്രമായിരിക്കും. ഈ തസ്തികകള്‍ വിശേഷാല്‍ചട്ടത്തിലുള്ളതായിരിക്കില്ല. അതിനാല്‍ പി.എസ്.സിയേയോ തൊഴില്‍ വകുപ്പിനേയോ അറിയിക്കണമെന്നുമില്ല. പാര്‍ട്ടി നേതാവിന്റെ കത്തുമായി വരുന്നവര്‍ക്ക് ഏത് സമയത്തും നിയമനം നല്‍കാം.
കിലെയും ഒഡെപെകും -താത്കാലിക താവളങ്ങള്‍
തൊഴില്‍ വകുപ്പിന്റെ പരിശീലനകേന്ദ്രമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ). ഇവിടത്തെ നിയമനവും പി.എസ്.സിക്ക് വിട്ടിട്ടില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനങ്ങള്‍ നടത്താറുമില്ല. താത്കാലികക്കാരും ഡെപ്യൂട്ടേഷന്‍ നേടിയവരുമാണ് ജോലി ചെയ്യുന്നത്. ഭൂരിഭാഗം പേരും നേതാക്കളുടെ ബന്ധുക്കളോ പാര്‍ട്ടി പ്രവര്‍ത്തകരോ ആയിരിക്കും. വിദേശ ജോലികള്‍ക്കുള്ള അംഗീകൃത റിക്രൂട്ടിങ് ഏജന്‍സിയാണ് ഒഡെപെക്. ചട്ടം തയ്യാറാക്കി ഇവിടത്തെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതാണ്. എന്നാല്‍ താത്കാലികക്കാരും ഏറെയുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പേരിലാണ് താത്കാലികക്കാരെ നിയമിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഈ സ്ഥാപനങ്ങളിലൊന്നും പ്രതീക്ഷ വെക്കേണ്ടെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി മാത്രമേ നടത്താവൂവെന്ന് ഇടയ്ക്കിടയ്ക്ക് തൊഴില്‍വകുപ്പിന്റെ തിട്ടൂരമുണ്ടാകും. അതിന് അച്ചടിച്ച കടലാസിന്റെ വില പോലും തൊഴില്‍ വകുപ്പ് തന്നെ നല്‍കാറില്ലെന്നത് വിരോധാഭാസമാണ്. പിന്നെങ്ങനെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കും?
വകുപ്പിനെ തള്ളിപ്പറഞ്ഞ് മന്ത്രിയും
ഇത്തവണ അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ സ്‌കൂളുകളിലെ ഗസ്റ്റ് അധ്യാപക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന് വകുപ്പ് മേധാവി ഉത്തരവിട്ടിരുന്നു. സ്‌കൂളുകളില്‍ നിന്ന് ഇതിനെതിരെ വലിയ എതിര്‍പ്പുണ്ടായി. തൊഴില്‍ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രി വി.ശിവന്‍കുട്ടിയാണ് ഈ തര്‍ക്കത്തില്‍ ധര്‍മ്മസങ്കടത്തിലായത്. ഒടുവില്‍ തൊഴില്‍വകുപ്പിനെ തള്ളിപ്പറഞ്ഞ് വിദ്യാലയങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് നിയമനം വിട്ടുനല്‍കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശിക്കേണ്ടി വന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ മറി കടന്ന് സ്‌കൂള്‍ അധികൃതരുടെ സ്വന്തക്കാരാണ് ഗസ്റ്റ് അധ്യാപകരില്‍ കൂടുതലുമെന്നാണ് തൊഴിലന്വേഷകര്‍ ആരോപിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തകര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് തൊഴില്‍ വകുപ്പാണെന്നും ഇവര്‍ പറയുന്നു.