സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ചെല്ലാര്‍കോവില്‍മെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും സിനിമക്കാരുടെയും ഇഷ്ടഭൂമിയായി മാറുന്നു
കട്ടപ്പന: സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ചെല്ലാര്‍കോവില്‍മെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും സിനിമക്കാരുടെയും ഇഷ്ടഭൂമിയായി മാറുന്നു.അടുത്ത നാളുകളില്‍ തമിഴ് ഉള്‍പ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണത്തിന് ഇവിടം ലൊക്കേഷനായി.വിവാഹ ആല്‍ബങ്ങളുടെയും സംഗീത ആല്‍ബങ്ങളുടെയും ചിത്രീകരണത്തിനും ഈ പ്രദേശം തേടിയെത്തുന്നവരുണ്ട്.
തേക്കടിയിലെത്തുന്ന സഞ്ചാരികളില്‍ ഏറെയും എത്തുന്ന സമീപത്തെ മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചെല്ലര്‍കോവില്‍മെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് 15 കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ ചെല്ലാര്‍കോവില്‍ ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം.ചെല്ലാര്‍കോവില്‍ അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം.സമുദ്ര നിരപ്പില്‍നിന്ന് 3500 അടിയോളം ഉയരമുള്ള ചെല്ലാര്‍കോവില്‍മെട്ടില്‍നിന്ന് നോക്കിയാല്‍ തമിഴ്നാടിന്‍റെ വിദൂര ദൃശ്യം കാണാം. സമീപം വനം വകുപ്പ് നിര്‍മിച്ച പാര്‍ക്കും വാച്ച് ടവറുമുണ്ട്. ചെല്ലാര്‍കോവില്‍ മെട്ടില്‍നിന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലൂടെ ഒന്നര കിലോമീറ്റര്‍ നടന്നോ വാഹനത്തിലോ സഞ്ചാരിച്ചാല്‍ അരുവിക്കുഴി വെള്ളച്ചാട്ടത്തിലെത്താം. അപകട സാധ്യത ഏറെയുള്ള പ്രദേശം കൂടിയാണിത്. കുങ്കരിപ്പെട്ടിയാറില്‍നിന്ന് തമിഴ്നാട്ടിലേക്ക് ജലമൊഴുകുന്ന അരുവിക്കുഴി വെള്ളച്ചാട്ടം ഏറെ ആകര്‍ഷണീയമാണ്.അരുവിക്കുഴി വെള്ളച്ചാട്ടം
3500 അടി ഉയരത്തില്‍നിന്ന് പതിക്കുന്ന വെള്ളത്തില്‍ പകുതിയും മഞ്ഞുകണങ്ങളായി അന്തരീക്ഷത്തില്‍ തന്നെ അലിഞ്ഞുചേരുന്ന കാഴ്ച മനം മയക്കും.അടിസ്‌ഥാന സൗകര്യം ഒരുക്കി വിപുലീകരിച്ചതോടെ സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതായി. അമിനിറ്റി സെന്‍റര്‍, വാച്ച് ടൗവര്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവയാണ് പുതിയതായി നിര്‍മിച്ചത്. തമിഴ്നാടിന്‍റെ സാമീപ്യവും കുറഞ്ഞ മുതല്‍ മുടക്കുമാണ് ഇവിടേക്ക് സിനിമക്കാരെ ആകര്‍ഷിക്കുന്നത്.