ബസുകളില്‍ ക്യാമറ ഘടിപ്പിക്കണം എന്ന ഗതാഗത വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ ബസ് ഉടമകള്‍
പാലക്കാട്: ബസുകളില്‍ ക്യാമറ ഘടിപ്പിക്കണം എന്ന ഗതാഗത വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ ബസ് ഉടമകള്‍. ഫെബ്രുവരി 28-ന് അകം എല്ലാ ബസുകളിലും ക്യാമറ വെക്കണം എന്ന നിര്‍ദേശം അപ്രായോഗികമാണ് എന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.ഇത് സംബന്ധിച്ച അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കും എന്നും ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ക്യാമറക്ക് വേണ്ടി പണം ചിലവാക്കാനുള്ള സാമ്ബത്തിക സ്ഥിതി നിലവിലില്ല എന്നാണ് ബസ് ഉടമകള്‍ പറയുന്നത്.ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്നോടിയായി ക്യാമറകള്‍ വെക്കാന്‍ തയ്യാറാണ് എന്നും ഒരുമിച്ച് ഇത്രയധികം ബസുകള്‍ സി സി ടി വി സ്ഥാപിക്കുമ്ബോള്‍ നിലവാരമുള്ള ക്യാമറകള്‍ ലഭ്യമാകുന്നതില്‍ തടസം ഉണ്ടാകും എന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് തങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നും ബസ് ഉടമകള്‍ പറഞ്ഞു.ക്യാമറ ഘടിപ്പിക്കാന്‍ സാവകാശം തന്നില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കും എന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് ക്യാമറ ഘടിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28 ന് മുമ്ബ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം എന്നതായിരുന്നു ഗതാഗത വകുപ്പിന്റെ നിര്‍ദേശം.ബസുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ ആവശ്യമായ തുകയുടെ പകുതി റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ വഹിക്കും. ബാക്കി തുക ഉടമകള്‍ വഹിക്കണം. എന്നാല്‍ ക്യാമറ സ്ഥാപിക്കാനാവശ്യമായ മുഴുവന്‍ തുകയും റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും അനുവദിക്കണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം.