സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങരുതെന്ന് സർക്കാർ. ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, ഉദ്യോഗസ്ഥന് അതിൽ നിന്ന് വരുമാനം ലഭിക്കും. ഇത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്.
ഇന്‍റർനെറ്റിലോ സോഷ്യൽ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് ഒരു വ്യക്തിഗത പ്രവർത്തനമായും സർഗ്ഗാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ വ്യക്തികൾ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാർക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കും. ഇത് 1960-ലെ കേരള ഗവൺമെന്‍റ് എംപ്ലോയീസ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമായി കണക്കാക്കാം.
ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിലുള്ള ചട്ടപ്രകാരം സർക്കാർ ജീവനക്കാർക്ക് യൂട്യൂബ് ചാനൽ തുടങ്ങാൻ അനുവാദമില്ല. അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.