KSRTC ശമ്പളം ഗഡുക്കളായി; ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ അപേക്ഷ നല്‍കണം; അസാധാരണ ഉത്തരവിറക്കി സിഎംഡി
തിരുവനന്തപുരം: ശമ്പള വിതരണത്തിന് പുതിയ നിർദ്ദേശവുമായി കെഎസ്ആർടിസി.ശമ്പളം ഗഡുക്കളായി നൽകുമെന്ന് അസാധാരണ ഉത്തരവിറക്കി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25ന് മുൻപ് അപേക്ഷ നൽകണമെന്ന് ഉത്തരവ്.
അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും.അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നൽകും.
ജനുവരിയിലെ ശമ്പള വിതരണം പൂര്‍ത്തിയായിരുന്നു. എന്നാൽ അടുത്ത ശമ്പളതത്തിന് പുതിയ പദ്ധതിയുടെ ആലോചനയ്ക്കായി മാനേജ്മെന്റും അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന ടാർഗറ്റ് പദ്ധതിയായിരുന്നു ചർച്ചയിൽ ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകറും അവതരിപ്പിച്ചത്.