അതിര്‍ത്തിയില്‍ ആശങ്ക അവസാനിക്കുന്നില്ല
നെടുങ്കണ്ടം: കോവിഡ് പരിശോധന ചെക്‌പോസ്റ്റുകളില്‍ കര്‍ശനമാക്കിയെങ്കിലും ജില്ലയിലെ സമാന്തര പാതകളിലൂടെ തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ എത്തുന്നതിനോടൊപ്പം ചെക്ക് പോസ്റ്റുകളിലൂടെ കാല്‍നടയായും ദിനം പ്രതി നൂറ് കണക്കിന് ആളുകള്‍ യാതൊരു പരിശോധനയും കൂടാതെ അതിര്‍ത്തി കടക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും അധികൃതരുടെ മൗനാനുവാദത്തോടെയാണ് തൊഴിലാളികള്‍ കൂട്ടത്തോടെ അതിര്‍ത്തി കടക്കുന്നത്. അതിര്‍ത്തി പ്രദേശമായ കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റ് വഴിയാണ് വ്യാപകമായി തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ തൊഴിലാളികളെ കുത്തിനിറച്ച വാഹനങ്ങളില്‍ എത്തിച്ച് ചെക്ക് പോസ്റ്റിന് മുമ്പ് തൊഴിലാളികളെ ഇറക്കി കാല്‍നടയായി ചെക്ക് പോസ്റ്റ് കടത്തുകയാണ് ചെയ്യുന്നത്. ചെക്ക് പോസ്റ്റ് മറികടന്ന് അല്‍പം മാറി വീണ്ടും
വാഹനങ്ങളില്‍ കയറ്റി വിടുകയാണ് ചെയ്യുന്നത്. കാല്‍ നടയായി വരുന്നവരെ പോലീസ്, ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കാറുമില്ല. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ നടക്കുന്നതില്‍ വന്‍ ആക്ഷേപവും ആശങ്കയുമാണ് ഉയരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ശക്തമായ പരിശോധന ആരംഭിച്ചതോടെ അതിര്‍ത്തിയിലെ പ്രധാന സമാന്തര പാതകളായ തേവാരംമെട്ട്, രാമക്കല്‍മേട്, ചതുരംഗപ്പാറ തുടങ്ങിയ മേഖലകളിലൂടെ നിരവധിയാളുകളാണ് ഓരോ ദിവസവും തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയില്‍ എത്തുന്നത്. ഇത് കൂടാതെയാണ് ഇത്തരത്തിലും ആളുകള്‍ പ്രവേശിക്കുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ മലയാളികള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന തൊട്ടങ്ങളിലാണ് ജോലി എടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.