നെയ്യാറ്റിൻകര ഗോപന്റെ മരണം; കാലുകളിൽ മുറിവ്, ഹൃദയ വാൽവിൽ ബ്ലോക്ക് ‘ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്’


നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ശരീരത്തിൽ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല. കാലുകളിൽ പഴക്കം ചെന്ന മുറിവുണ്ട്. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാണ്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക് കണ്ടെത്തി. ഇത് മരണകാരണമായോ എന്ന് പറയാൻ കഴിയില്ല.
ദീർഘനാളായി കിടപ്പിലായിരുന്നു ഗോപൻ. ഇതിൻ്റെ ഭാഗമായ ചെറിയ മുറിവുകളും, കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പ്രാഥമിക റിപ്പോർട്ടിൽ തെളിവ് കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കിട്ടിയാലെ മരണകാരണത്തിൽ വ്യക്തത ഉണ്ടാകു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധന ഫലം വരാൻ ഇനിയും സമയമെടുത്തേക്കും. അന്തിമ പോസ്റ്റുമോർട്ടം റിപ്പാർട്ട് അതിന് ശേഷമാത്രമായിരിക്കും. ഗോപൻ്റെ ബന്ധുക്കളെ അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്യും.
കഴിഞ്ഞ ദിവസമായിരുന്നു ഗോപന്റെ മൃതദേഹം വീണ്ടും കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് വിപുലമായ ചടങ്ങുകളോട് കൂടിയായിരുന്നു ഗോപന്റെ മൃതദേഹം വീണ്ടും ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തി സംസ്കരിച്ചത്. മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. VSDP, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകരാണ് രണ്ടാമത്തെ സംസ്കാരം വിപുലമാക്കിയത്.