കല്ലാര്‍ ഡാം തുറന്നു; നാട്ടുകാര്‍ക്ക് ചാകര
നെടുങ്കണ്ടം: പോലീസ് കാവലില്‍ കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാം തുറന്നു. മഴക്കാലത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികള്‍ക്കായാണ് കല്ലാര്‍ ഡാം തുറന്നത്. ഡാമിന്റെ സംഭരണ ശേഷി എക്കലടിഞ്ഞ് നഷ്ടപ്പെട്ടതായും കണ്ടെത്തി. ഇതോടെ എക്കല്‍ നീക്കം ചെയ്യുമെന്ന് ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു. കല്ലാര്‍ ഡാം തുറക്കുന്നതിന് മുന്നോടിയായി നാട്ടുകാര്‍ മീന്‍ പിടിക്കാനെത്തി. രാവിലെ ഡാം തുറന്ന് അറ്റകുറ്റപ്പണി നടത്താനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഡാം തുറക്കുന്നത് കാണാന്‍ കാഴ്ചക്കാരും എത്തി. കോവിഡ് കാലമായതിനാല്‍ ജനങ്ങള്‍ കൂട്ടം കൂടിയതോടെ കെ.എസ്.ഇ.ബിയും വെട്ടിലായി. രാവിലെ പത്തിന് തുറക്കുമെന്നാണ് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് തവണ സൈറണും മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇതിനിടെ കുറച്ചധികം പേര്‍ ഡാമില്‍ ഇറങ്ങി മീന്‍ പിടിക്കാനുള്ള പരിപാടികള്‍ തുടങ്ങി. ഇതോടെയാണ് കെ.എസ്.ഇ.ബി പോലീസിന്റെ സഹായം തേടിയത്. പോലീസെത്തി ഡാമിനകത്ത് ഇറങ്ങിയവരെ നീക്കം ചെയ്തു. ഇതിന് ശേഷമാണ് ഡാം തുറന്നത്. എന്നാല്‍ ഷട്ടര്‍ തുറക്കുന്നിടത്ത് വല കെട്ടി ജീവനക്കാര്‍ തന്നെ മീന്‍ പിടിക്കാന്‍ തുനിഞ്ഞതോടെ നാട്ടുകാരും പിന്നാലെ ചാടി. നിരവധി പേര്‍ കിലോക്കണക്കിന് മീന്‍ പിടിച്ചു. ഡാം സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ വി.എന്‍.സജീവ് കുമാര്‍, സബ് എന്‍ജിനിയര്‍മാരായ എല്‍.കവിത, തങ്കമണി എന്നിവര്‍ ഡാമിന്റെ ഷട്ടറുകള്‍ പരിശോധിച്ചു. ഡാമിലെ തടിക്കഷ്ണങ്ങള്‍ നീക്കം ചെയ്യുകയും ഷട്ടറുകള്‍ക്ക് ഗ്രീസിടുകയും ചെയ്തു. ഏതാനും ഭാഗങ്ങളില്‍ പെയിന്റിങ്ങും നടത്തി. പരിശോധനയില്‍ തകരാറുകള്‍ ഒന്നുമില്ലെന്ന് ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു.