വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കോവിഡ് പ്രതിരോധത്തിന് മാര്‍ഗനിര്‍ദേശങ്ങളായി;വിജയാഹ്‌ളാദ ഘോഷയാത്ര വോട്ടെണ്ണലിന് ശേഷം അനുവദിക്കുന്നതല്ല
വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൃത്യമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡല്‍ ഓഫീസര്‍. ഇതിന് നോഡല്‍ ഹെല്‍ത്ത് ഓഫീസറുടെ സഹായവുമുണ്ടാകും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായുള്ള സര്‍ട്ടിഫിക്കറ്റ് ആരോഗ്യ അധികൃതരില്‍നിന്ന് നേടിയിരിക്കണം.
48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍/ആര്‍.എ.ടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറാന്‍ അനുവദിക്കില്ല. സ്ഥാനാര്‍ഥികള്‍ക്കും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ ദിനത്തിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍/ ആര്‍.എ.ടി ടെസ്റ്റ് നടത്താനുള്ള സൗകര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഒരുക്കണം. കൗണ്ടിംഗ് ഏജന്റുമാരുടെ പട്ടിക സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണല്‍ ദിവസത്തിന് മൂന്നുദിവസം മുമ്പ് വരണാധികാരികള്‍ക്ക് നല്‍കണം. വോട്ടെണ്ണല്‍ സമയത്ത് കേന്ദ്രത്തിന് പുറത്ത് പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. സാമൂഹ്യ അകലം, വായു സഞ്ചാരം തുടങ്ങിയവ ഉറപ്പാക്കുംവിധം ജനലുകള്‍, എക്സ്‌ഹോസ്റ്റ് ഫാനുകള്‍ ഉള്‍പ്പെടെയുള്ള വിശാലമുള്ള ഹാളുകളിലായിരിക്കണം വോട്ടെണ്ണല്‍. വോട്ടെണ്ണലിന് മുമ്പും ശേഷവും ഹാള്‍ അണുനശീകരിക്കണം.
ഇ.വി.എം/വി.വി.പാറ്റ് എന്നിവയുടെ സീല്‍ചെയ്ത പെട്ടികളും അണുനശീകരിക്കാന്‍ സാനിറ്റൈസ് ചെയ്യണം. ഹാളിന്റെ വിസ്തൃതി അനുസരിച്ചാകണം കൗണ്ടിംഗ് ടേബിളുകള്‍ അനുവദിക്കുന്നത്. അതനുസരിച്ച് മൂന്നോ, നാലോ ഹാളുകളിലായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ച് വേണം ഓരോ മണ്ഡലത്തിലും വോട്ടെണ്ണല്‍. ഹാളിന്റെ പ്രവേശനകവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസര്‍/സോപ്പും വെള്ളവും എന്നിവ ഒരുക്കണം. കോവിഡ് ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയവ ഉള്ളവരെ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണെങ്കില്‍ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവസരമുണ്ടാകും. സാമൂഹ്യ അകലം പാലിച്ച് വേണം ഹാളിനുള്ളില്‍ സീറ്റുകള്‍ ഒരുക്കാന്‍. കൗണ്ടിംഗ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള പി.പി.ഇ കിറ്റ് ആവശ്യത്തിന് ഉണ്ടാകണം. മാസ്‌ക്, സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ്, ഗ്‌ളൗസ് എന്നിവ എല്ലാ കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കും നല്‍കണം. തപാല്‍ ബാലറ്റുകള്‍ എണ്ണാന്‍ കൂടുതല്‍ എ.ആര്‍.ഒമാരെ നിയോഗിക്കണം. ആവശ്യമെങ്കില്‍ തപാല്‍ ബാലറ്റുകള്‍ പ്രത്യേക ഹാളില്‍ എണ്ണണം.
കോവിഡ് സംബന്ധ മാലിന്യങ്ങളായ മാസ്‌ക്, ഫേസ് ഷീല്‍ഡ്, പി.പി.ഇ കിറ്റ്, ഗ്ളൗസ് എന്നിവ ഉപയോഗശേഷം സംസ്‌കരിക്കാന്‍ കൃത്യമായ സംവിധാനം വേണം. വോട്ടെണ്ണല്‍ ഹാളിലേക്കുള്ള പ്രവേശനകവാടത്തിലും ഹാളിനുള്ളിലുമുള്‍പ്പെടെ മാനദണ്ഡങ്ങളില്‍ ചെയ്യേണ്ടവ, ചെയ്യരുതാത്തത് എന്ന നിലയില്‍ പ്രദര്‍ശിപ്പിക്കണം.
ഇതിനുപുറമേ, വിജയാഹ്‌ളാദ ഘോഷയാത്ര വോട്ടെണ്ണലിന് ശേഷം അനുവദിക്കുന്നതല്ല. വിജയിച്ച സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരില്‍ കൂടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വരണാധികാരിക്ക് മുന്നിലെത്താന്‍ പാടില്ല. മേല്‍സൂചിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ദുരന്ത നിവരണ ആക്ട് 2005 ലെ 51 മുതല്‍ 60 വരെയുള്ള സെക്ഷനുകള്‍ പ്രകാരവും ഐ.പി.സി സെക്ഷന്‍ 188 പ്രകാരവും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2020 ജൂലൈ 29 ലെ ഉത്തരവ് പ്രകാരമുള്ള മറ്റു നടപടികളും ഉള്‍പ്പെടെ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.