കട്ടപ്പനയിലുണ്ട് സഞ്ചാരികൾ ഏറെയെത്താത്ത കോളേജ്മല
സഞ്ചാരികൾ തീരെ എത്താത്ത എന്നാൽ ഏറെ കാഴ്ചകളുള്ള കട്ടപ്പനയോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് നരിയമ്പാറയിലെ കോളേജ്മല. കട്ടപ്പന കുട്ടിക്കാനം റോഡിൽ നരിയമ്പാറയിൽനിന്നു മൂന്ന് കിലോമീറ്റർ പിന്നിട്ടാൽ കോളേജ് മലയെത്തും. കട്ടപ്പന നഗരസഭയും കാഞ്ചിയാർ പഞ്ചായത്തും അതിർത്തിപങ്കിടുന്ന പ്രദേശത്താണ് കോളേജ്മല. ചെങ്കുത്തായ കയറ്റത്തിൽ 15-ഹെയർപിൻ വളവുകൾ കയറിവേണം സമുദ്രനിരപ്പിൽനിന്നു 3000 അടി ഉയരെയുള്ള മലയിലെത്താൻ.1968-ൽ നിർമിച്ച കരിങ്കല്ലിൽ തീർത്ത പഴയ കോളേജ് കെട്ടിടം ഇവിടെ സ്ഥിതി ചെയ്യുന്നതാണ് കോളേജ്മലയെന്ന പേര് ലഭിക്കാൻ കാരണം. അഞ്ച് പതിറ്റാണ്ട് മുമ്പ് പൂട്ടിപ്പോയ കോളേജ് കെട്ടിടം കാടുവളർന്ന് ഡ്രാക്കുളക്കോട്ടയെ അനുസ്മരിപ്പിക്കുംവിധം തലയുയർത്തിനിൽക്കുന്നു.ഇവിടെനിന്നു കട്ടപ്പന നഗരത്തിന്റെ ദൂരക്കാഴ്ച കാണാം. രാത്രിയിൽ നഗരത്തിലെ കെട്ടിടങ്ങളിൽ ലൈറ്റുകൾ തെളിയുന്നതോടെ നഗരക്കാഴ്ചയ്ക്ക് ഭംഗിയേറും. അകലെ വ്യൂപോയിന്റായ മേട്ടുക്കുഴിമെട്ടും കുന്തളംപാറ മലയും കാണാം. മഞ്ഞ് കാഴ്ചമറച്ചില്ലെങ്കിൽ ദൂരെ ഇടുക്കി ജലാശയം കാണാം.കാഴ്ചകൾ ഒട്ടേറെയുണ്ടെങ്കിലും സഞ്ചാരികൾക്ക് പ്രദേശം അപരിചിതമാണ്. ഹെയർപിൻ വളവുകൾ കയറി എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും സഞ്ചാരികൾ പ്രദേശത്ത് എത്താൻ തടസ്സമാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ സഞ്ചാരികൾ മലയിലേക്കെത്തും