മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പോലീസ് സേവനം ലഭ്യമാക്കണമെന്ന് ആവശ്യം
നെടുങ്കണ്ടം: കോവിഡ് വാക്‌സിനേഷനായി മുണ്ടിയെരുമ കെ.പി.കോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് സേവനം ലഭ്യമാക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് കെ.പി.കോളനി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡി.എം.ഒയ്ക്ക് കത്ത് നല്‍കി. കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി നലവില്‍ കെ.പി കോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കുത്തിവെയ്പ് നല്‍കുന്നത്. എന്നാല്‍ പലപ്പോഴും സ്‌റ്റോക്കുള്ള മരുന്നിനെക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് വ്യാപകമായ പരാതിക്ക് ഇടയാക്കുന്നുണ്ട്. കൂടാതെ മറ്റ് സ്ഥലങ്ങളില്‍ രജിസ്‌ട്രേഷന്‍ ലഭിച്ച സമീപവാസികളും വാക്‌സിനേഷന് സമയവും സ്ഥലവും ലഭിക്കാതെ രജിസ്‌ട്രേഷന്‍ മാത്രം പൂര്‍ത്തിയാക്കിയവരും ഉള്‍പ്പെടെ നിരവിധി പേരാണ് രാവിലെ ആറു മുതല്‍ ആശുപത്രിയിലും പരിസരത്തുമായി തടിച്ചുകൂടുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ളവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചാല്‍ അസഭ്യവര്‍ഷം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി പോലീസിന്റെ സേവനം അനുവദിച്ച് നല്‍കണമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ കത്തില്‍ ആവശ്യപ്പെടുന്നത്.