അദാനി വിഷയം; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ ലോക്സഭയിൽ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി. രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിൽ എന്താണ് ബന്ധം? അദാനിക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി, ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടും കേരളവും മുതൽ ഹിമാചൽ പ്രദേശ് വരെ രാജ്യത്തുടനീളം അദാനി എന്ന പേര് കേൾക്കുന്നു. നിരവധി ബിസിനസുകളിൽ നിക്ഷേപം നടത്തുന്ന അദാനി ഒരിക്കലും പരാജയപ്പെടില്ലെന്നും ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്നും ആളുകൾ തന്നോട് ചോദിച്ചുവെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.
2014 നും 2022 നും ഇടയിൽ അദാനിയുടെ മൊത്തം സമ്പത്ത് 8 ഡോളറിൽ നിന്ന് 140 ഡോളറായി ഉയർത്തിയത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദാനിയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. അദാനി മോദിക്കൊപ്പം തോളോടുതോൾ ചേർന്ന് നിന്നു. ഗുജറാത്തിന്‍റെ പുനരുജ്ജീവനത്തിനായി അദാനി മോദിക്കൊപ്പം നിന്നു, പക്ഷേ യഥാർത്ഥ അത്ഭുതം സംഭവിച്ചത് 2014 ൽ മോദി ഡൽഹിയിൽ വന്നപ്പോഴാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.